ഇന്ത്യൻ വിദേശകാര്യ സർവീസിലെ റാങ്ക് ജേതാവും മലയാളിയുമായ അബ്ദുൽ ജലീൽ, കർണാടകയിൽ നിന്നുള്ള റാങ്ക് ജേതാവ് മുഹമ്മദ് ഹാഷിം എന്നീ രണ്ടു പുതിയ കോൺസൽമാർ വൈകാതെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ചുമതലയേൽക്കും. ഇവരുടെ നിയമന നടപടികൾ പൂർത്തിയായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക ചുമതലയുടെ ഭാഗമായി ഇരുവരും അറബിക് ഭാഷാ പഠന കോഴ്‌സുമായി ബന്ധപ്പെട്ട് ഇപ്പോൾ കയ്‌റോയിലാണ്.
കണ്ണൂർ പഴയങ്ങാടി പി.ഇ.എസ് വാദിഹുദയിലെ പഠനശേഷം കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് എൻജിനീയറിംഗ് ബിരുദമെടുത്ത അബ്ദുൽ ജലീൽ 2019 ബാച്ച് വിദേശകാര്യ സർവീസിൽ 434 ാമത് റാങ്ക് കരസ്ഥമാക്കി. കേന്ദ്ര വിദേശ മന്ത്രാലയത്തിന്റെ കോവിഡ് സെല്ലിലെ പ്രവർത്തനവുമായി സജീവമായി സഹകരിച്ചിരുന്ന അബ്ദുൽ ജലീൽ സിവിൽ സർവീസ് അക്കാദമികളിൽ പരിശീലന കോഴ്‌സുകൾക്കും നേതൃത്വം നൽകിയിരുന്നു.
ജിദ്ദ കോൺസുലേറ്റിലെ കമ്യൂണിറ്റി വെൽഫെയർ വിഭാഗം കോൺസൽ അബ്ദുൽ ഹലീം ദൽഹിയിലേക്ക് മടങ്ങിയ ഒഴിവിലായിരിക്കും മിക്കവാറും അബ്ദുൽ ജലീലിന്റെ നിയമനം. ബാംഗ്ലൂരിലും ദൽഹി ജാമിഅ മില്ലിയ്യയിലും പഠനം പൂർത്തിയാക്കിയ മുഹമ്മദ് ഹാഷിമും ഇതേ ബാച്ചിലെ 448 ാമത് റാങ്ക് കരസ്ഥമാക്കിയ ഐ.എഫ്.എസ് ബിരുദധാരിയാണ്.
ഹജ് കോൺസലിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്ക് ഇദ്ദേഹത്തിന് ഹജ് വിഭാഗത്തിന്റെ ചുമതല നൽകാനാണ് സാധ്യത.