ഇന്ത്യക്കാരുടെ ഇ-പാസ്‌പോർട്ടുകളുടെ ഔദ്യോഗിക വിതരണം സെപ്റ്റംബറോടെ ആരംഭിക്കും. അത്യാധുനിക സജ്ജീകരണങ്ങളോടെ തയാറാകുന്ന ഇ-പാസ്‌പോർട്ടുകൾ ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന്റെ ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമല സീതാരാമനാണ് ആദ്യമായി നടത്തിയത്. അതിനെത്തുടർന്ന് പരീക്ഷണമെന്ന നിലയ്ക്ക് 20,000 ഇ-പാസ്‌പോർട്ടുകൾ, വിവിധ നയതന്ത്ര മേധാവികൾക്ക് ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു. വിദേശ യാത്രകളിലെ ഇന്ത്യക്കാരുടെ നടപടിക്രമങ്ങൾ ഏറ്റവും എളുപ്പത്തിലാകാൻ ഇ-പാസ്‌പോർട്ടുകൾ സഹായകമാകുമെന്ന് കണ്ടതിനെത്തുടർന്നാണ് ആറു മാസത്തിനകം ഇവ എല്ലാവർക്കും ലഭിക്കണമെന്ന നിർദേശം കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ചതും അതിനായുള്ള പ്രാഥമിക പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിച്ചതും.
അതീവ സുരക്ഷയോടെ നാസിക് സെക്യൂരിറ്റി പ്രസിൽ നിന്നാകും ചിപ്പുകൾ ഘടിപ്പിച്ച ഇ-പാസ്‌പോർട്ടുകൾ അപേക്ഷകർക്കായി തയാറാക്കുക. ബയോമെട്രിക് ഡാറ്റകളുൾപ്പെടെ 41 സുരക്ഷാ ഫീച്ചറുകൾ ഉൾക്കൊള്ളുന്നതായിരിക്കും ഇ-പാസ്‌പോർട്ട്. അപേക്ഷയുടെ അടിസ്ഥാനത്തിൽ അഞ്ചു വർഷത്തേക്കും പത്ത് വർഷത്തേക്കും കാലാവധിയുണ്ടാകും. പാസ്‌പോർട്ടുടമയുടെ ഹോളോഗ്രഫിക് പ്രതിരൂപവും വിശദമായ ഡെമോഗ്രാഫിക് വിവരങ്ങളും ഡിജിറ്റൽ മുദ്രയും ചിപ്പിൽ അടങ്ങിയിരിക്കും. പത്ത് വിരലുകളുടെയും അടയാളങ്ങളുമുണ്ടാകും. ഇതിനകം നിരവധി രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇ-പാസ്‌പോർട്ടുകൾ പ്രാവർത്തികമാക്കിത്തുടങ്ങി.