ഈ വര്‍ഷത്തെ ഉംറ സീസണില്‍ ഇതുവരെ രണ്ടു കോടിയിലേറെ പേര്‍ ഉംറ കര്‍മം നിര്‍വഹിച്ചതായി ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് വെളിപ്പെടുത്തി. ഈ വര്‍ഷത്തെ റമദാനില്‍ വിശുദ്ധ ഹറമിലെത്തിയ തീര്‍ഥാടകര്‍ക്കും വിശ്വാസികള്‍ക്കും സേവനങ്ങള്‍ നല്‍കുന്നതില്‍ അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഹറംകാര്യ വകുപ്പിന് സാധിച്ചു. ഇരു ഹറമുകളുടെയും പരിചരണത്തിന് ജീവനക്കാരുടെ ശേഷികളും സാങ്കേതികവിദ്യകളും സ്ത്രീശാക്തീകരണവും പരമാധി പ്രയോജനപ്പെടുത്തി. ഹറംകാര്യ വകുപ്പിനു കീഴിലെ വിവിധ വിഭാഗങ്ങള്‍ നിരന്തരം സഹകരിച്ചും ഏകോപനത്തോടെയും സംയോജനത്തോടെയും പ്രവര്‍ത്തിച്ചത് അടക്കമുള്ള ഘടകങ്ങളാണ് റമദാന്‍ സീസണ്‍ വലിയ വിജയമായി മാറാന്‍ ഇടയാക്കിയതെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു. വിദേശങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകേണ്ട അവസാന ദിവസം ശവ്വാല്‍ 30 ആണ്. വിദേശ തീര്‍ഥാടകരുടെ ഉംറ വിസാ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന ദിവസം ശവ്വാല്‍ 15 ആണ്.