ഉക്രൈനിൽ കുടുങ്ങിയ മക്കളെയോർത്ത് ആശങ്കയോടെ കഴിയുകയാണ് സൗദി പ്രവാസികൾ. സൗദിയിൽ നിന്ന് പ്ലസ്ടു പഠനം കഴിഞ്ഞാണ് വിദ്യാർഥികളിൽ പലരും ഉപരിപഠനത്തിനായി ഉക്രൈനിലെത്തിയത്. മെഡിക്കൽ പഠനത്തിനായി തങ്ങളുടെ മക്കൾ ഉക്രൈനിലെ വിവിധ മെഡിക്കൽ യൂനിവേഴ്സിറ്റികളിൽ പഠനം തുടരവേ പൊടുന്നനെ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഈ രക്ഷിതാക്കളുടെ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. വിവിധ രാജ്യങ്ങൾ രക്ഷാ പ്രവർത്തനം തുടരുന്നുണ്ടെങ്കിലും പലയിടങ്ങളിലേക്കും യുദ്ധം വ്യാപിച്ചതോടെ വാർത്താ വിനിമയങ്ങൾ വിഛേദിക്കുന്നത് ഏറെ ഭീതിയുളവാക്കുന്നതായി രക്ഷിതാക്കൾ പറയുന്നു.
ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന കാർക്കീവിൽ നിന്ന് 150 കിലോമീറ്റർ മാത്രം ദൂരെ, പോൾട്ടോവ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അവസാന വർഷ മെഡിക്കൽ പഠനം നടത്തുന്ന ആലപ്പുഴ നീർക്കുന്നം സ്വദേശി ആരിഫ് റഷീദ് പറയുന്നത് യുദ്ധ ഭീതിയും അതിനൊപ്പം കടുത്ത തണുപ്പും മാനസികമായ പ്രയാസങ്ങളും അനുഭവപ്പെടുന്നെന്നാണ്. തങ്ങൾ ശേഖരിച്ച ഭക്ഷണം രണ്ടു ദിവസത്തിനുള്ളിൽ തീരുമെന്നും എങ്ങോട്ട് പോകണമെന്ന് അറിയാതെ കഴിയുന്നതായും പറയുന്നു. 250 ഓളം മലയാളി വിദ്യാർഥികൾ പോൾട്ടോവയിൽ തന്നെയുണ്ടെന്നും കഴിഞ്ഞ ദിവസം വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി എല്ലാവരും തമ്മിൽ ആശയവിനിമയം നടത്തി കൊണ്ടിരിക്കയാണെന്നും പറയുന്നു.
ഉക്രൈനിലെ വിവിധ സ്ഥലങ്ങളിലായി നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ട്. വിവിധ യൂനിവേഴ്സിറ്റികളിൽ പഠിക്കുന്നവരുടെ രക്ഷിതാക്കൾ പരസ്പരം ബന്ധപ്പെട്ടു തങ്ങളുടെ മക്കളെ തിരിച്ചെത്തിക്കാനുള്ള വഴികൾ ആരായുന്നതായും അറിയുന്നുണ്ട്.