സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ച പ്രവാസിയുടെ മൃതദേഹത്തിൻ്റെ നിയമനടപടികൾ പൂർത്തിയാക്കിയതായി ലുലു ഗ്രൂപ്പ് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയോടെ മൃതദേഹം റിയാദിലെത്തിച്ച് ലഭ്യമാകുന്ന ആദ്യ വിമാനത്തിൽ കൊച്ചിയിൽ എത്തിക്കുമെന്നാണ് അറിയുന്നത്. റിയാദിൽ നിന്ന് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവീസ് ഇല്ലാത്തതിനാലാണ് കൊച്ചിയിൽ എത്തിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയുടെ ഓപ്പൺ ഫോറത്തിൽ വിവിധ പ്രവാസി സംഘടനകളിലെ പ്രതിനിധികളും വിദ്യാർത്ഥികളും ചോദ്യം ചോദിക്കുന്നതിനിടയ്‌ക്കാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി എബിൻ സഹായിക്കണം എന്നാവശ്യപ്പെട്ട് യൂസഫലിയുടെ മുന്നിലെത്തിയത്.
സ്പോൺസറിൽ നിന്ന് മാറി രേഖകൾ ഇല്ലാതെ ജോലി ചെയ്യുകയായിരുന്ന എബിൻ്റെ പിതാവിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നിരവധി കടമ്പകളായിരുന്നു തരണം ചെയ്യേണ്ടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട പിഴകൾ ലുലു ഗ്രൂപ്പ് അധികൃതരുടെ ശ്രമഫലമായി സൗദി ജവാസത്ത് വകുപ്പ് ഒഴിവാക്കി നൽകി. അതോടൊപ്പം പഴയ സ്പോൺസറെ കണ്ടെത്തി അദ്ദേഹത്തിൻ്റെ അനുമതിപത്രം വാങ്ങി അധികൃതർക്ക് നൽകുകയും ചെയ്തു.
ഫൈനൽ എക്സിറ്റ് ലഭിച്ച മൃതദേഹത്തിൻ്റെ ഫോറൻസിക് പരിശോധന പൂർത്തിയാക്കി മൃതദേഹം റിയാദിലെത്തിച്ച് വിമാനമാർഗ്ഗം ചൊവ്വാഴ്ച രാത്രി തന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ലുലു ഗ്രൂപ്പ് അധികൃതർ. ഇതിനാവശ്യമായ എല്ലാ ചെലവുകളും എം.എ.യൂസഫലിയാണ് വഹിക്കുന്നത്.