കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ ജിദ്ദ- കോഴിക്കോട് സർവീസിനു വീണ്ടും അനുമതി. 165 യാത്രക്കാർക്ക് പറക്കാനുള്ള സൗകര്യത്തോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം 21 ന് തിങ്കളാഴ്ച ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് സർവീസ് നടത്തും. ഇതിനായുള്ള ബുക്കിംഗ് പുരോഗമിക്കുകയാണെന്ന് എയർ ഇന്ത്യയുടെ വെസ്‌റ്റേൺ പ്രൊവിൻസ് കൺട്രി മാനേജർ മുഹമ്മദ് ഫയാസ് അറിയിച്ചു.
മൂന്നു കാറ്റഗറികളായുള്ള എക്കണോമി ക്ലാസുകളിലെ യാത്രക്കാർക്ക് യഥാക്രമം 40, 30, 20 കിലോഗ്രാം ബാഗേജുകൾ കൊണ്ടുപോകാം. ചെറിയ വിമാനമായത് കൊണ്ട് ഫസ്റ്റ് ക്ലാസ് / ബിസിനസ് ക്ലാസുകളില്ല. എല്ലാം എക്കണോമി ക്ലാസുകളാണ്. മുംബൈയിലേക്കിപ്പോൾ ജിദ്ദയിൽ നിന്ന് എല്ലാ ആഴ്ചയും എയർ ഇന്ത്യാ എക്‌സ്പ്രസ് സർവീസ് നടത്തുന്നുണ്ട്. മാർച്ച് മാസത്തോടെ പുതുക്കിയ ഷെഡ്യൂൾ വരുന്നതോടെ എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സപ്രസ് വിമാനങ്ങൾക്ക് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും സർവീസ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും മുഹമ്മദ് ഫയാസ് അറിയിച്ചു.
ജിദ്ദ – കോഴിക്കോട് നോൺ സ്‌റ്റോപ് വിമാനങ്ങളാണ്. ജിദ്ദയിൽ നിന്ന് കരിപ്പൂർ വഴി കണ്ണൂരിലേക്ക് സർവീസ് നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്. സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷന്റെ അനുമതിക്കായി നൽകിയ അപേക്ഷ പരിഗണിക്കുന്ന പക്ഷം, കൂടുതൽ യാത്രക്കാരെ കൊണ്ടുപോകാനും എയർ ഇന്ത്യയുടെ സൗദി സെക്ടറിൽ കൂടുതൽ വിമാനങ്ങൾ പറത്താനും സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും എയർ ഇന്ത്യ മാനേജർ അറിയിച്ചു.