എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ അനാസ്ഥ മൂലം മലയാളി യാത്രക്കാരി റിയാദ് എയർപോർട്ടിൽ കുടുങ്ങി
ജിദ്ദ – ഐ.എക്‌സ് 321 എന്ന കോഴിക്കോട്ട് നിന്ന് റിയാദിലേക്കുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ യാത്ര ചെയ്ത മലപ്പുറം ചെമ്മാട് വെളിമുക്ക് സ്വദേശി സക്കീനാ അഹമ്മദ് തന്റെ പാസ്‌പോർട്ട് വിമാനത്തിനകത്ത് മറന്നുവെച്ച വിവരം റിയാദ് എയർപോർട്ടിലെ എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോഴാണ് അറിയുന്നത്. ചൊവ്വ രാത്രി 11. 18 നാണ് വിമാനം റിയാദിൽ ലാൻഡ് ചെയ്തത്. പാസ്‌പോർട്ട് വെച്ച ബാഗ് എടുക്കാൻ മറന്ന യാത്രക്കാരി ഉടനെ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ തെരച്ചിലിൽ സീറ്റുകളിലൊന്നും പാസ്‌പോർട്ട് കണ്ടെത്താനായില്ല എന്നാണ് നൽകിയ മറുപടി. വിശദമായ പരിശോധന നടത്തുന്നതിന് മുൻപ് തന്നെ കോഴിക്കോട്ടേക്കുള്ള യാത്രക്കാരെയും വഹിച്ച് വിമാനം തിരിച്ചുപറക്കുകയും ചെയ്തു.
എമിഗ്രേഷൻ കൗണ്ടറിൽ നിന്നു പുറത്തിറങ്ങാനാവാതെ ഇപ്പോഴും എയർപോർട്ടിൽ കാത്തിരിക്കുകയാണ് സക്കീന. വിവരമറിഞ്ഞ നാട്ടിലുള്ള മകൻ കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതരെയും എയർപോർട്ട് മേധാവിയേയും ബന്ധപ്പെട്ട് പരാതിപ്പെട്ടതിനെത്തുടർന്ന് വിമാനത്തിനകത്ത് വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ സക്കീനയുടെ പാസ്‌പോർട്ട് കിട്ടിയതായി അധികൃതർ വ്യക്തമാക്കി. ഈ വിമാനം ഇനി ഇന്ന് അർധരാത്രി റിയാദിലെത്തുകയും പാസ്‌പോർട്ട് സക്കീനയ്ക്ക് കൈമാറുകയും ചെയ്യുന്നത് വരെ അവർ കാത്തിരിക്കേണ്ടതായി വരും. എന്തായാലും പാസ്‌പോർട്ട് തിരികെക്കിട്ടിയ ആശ്വാസത്തിലാണ് സക്കീന. റിയാദിൽ നിന്നും ഇന്നലെ വിമാനം മടങ്ങുന്നതിന് മുൻപ് വിശദപരിശോധന നടത്തിയിരുന്നുവെങ്കിൽ നഷ്ടപ്പെട്ട പാസ്‌പോർട്ട് തിരികെ കിട്ടിയേനെ എന്നും അവർ വ്യക്തമാക്കി. ഏതായാലും തന്റെ പാസ്‌പോർട്ടുമായി വരുന്ന എയർ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ളൈറ്റിനായി എയർപോർട്ട് എമിഗ്രേഷന് പുറത്ത് കാത്തിരിക്കുന്ന യാത്രക്കാരിയായ സക്കീന.ങ്ങി