ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ വക്താവ് പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളെ സൗദി അറേബ്യ അപലപിച്ചു. ഇസ്ലാമിന്റെ മാത്രമല്ല, എല്ലാ മതത്തിന്റേയും ചിഹ്നങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായ മുന്‍വിധികളെ സൗദി അറേബ്യ നിരാകരിക്കുന്നതായും വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
പ്രവാചകന്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി വക്താക്കളായ നൂപുര്‍ ശര്‍മ്മയെയും നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി പുറന്തള്ളിയിരുന്നു. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും ബഹുമാനിക്കണമെന്ന സൗദിയുടെ നിലപാട് ആവര്‍ത്തിച്ച മന്ത്രാലയം ബി.ജെ.പി സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്തു.
ഗള്‍ഫ് രാജ്യങ്ങളായ ഖത്തറും കുവൈത്തും ഇന്ത്യന്‍ അംബാസഡര്‍മാരെ വിളിപ്പിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അപകീര്‍ത്തി പരാമര്‍ശത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരസ്യമായി മാപ്പ് പറയണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്.