റിയാദ്- അറബ് ലോകത്ത് ഈ വർഷം ഏറ്റവും കൂടുതൽ വാതക പാടങ്ങൾ സൗദി അറേബ്യയിൽ കണ്ടെത്തി. രാജ്യത്ത് ഈ വർഷം ഏഴു പ്രകൃതി വാതക പാടങ്ങളാണ് പുതുതായി കണ്ടെത്തിയത്. അൾജീരിയയിൽ നാലും, യു.എ.ഇയിലും ഈജിപ്തിലും മൂന്ന് വീതവും വാതക പാടങ്ങൾ ഈ വർഷം കണ്ടെത്തിയിട്ടുണ്ട്.
സൗദിയിൽ അഞ്ചു വാതക പാടങ്ങൾ കണ്ടെത്തിയതായി ഫെബ്രുവരി 27 ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചിരുന്നു.
മധ്യസൗദിയിലെ ശദൂൻ, റുബ്ഉൽ ഖാലിയിലെ ശിഹാബ്, അൽശർഫ, അറാറിലെ ഉമ്മുഖൻസർ, കിഴക്കൻ സൗദിയിലെ സംന വാതക പാടങ്ങളാണ് ഈ വർഷാദ്യം കണ്ടെത്തിയത്. കിഴക്കൻ പ്രവിശ്യയിൽ പെട്ട ഹുഫൂഫിലും ദഹ്റാനിലും രണ്ടു വാതക പാടങ്ങൾ കൂടി കണ്ടെത്തിയതായി നവംബർ 30 ന് ഊർജ മന്ത്രി അറിയിച്ചു.
കിഴക്കൻ പ്രവിശ്യയിൽ കണ്ടെത്തിയ രണ്ടാമത്തെ വാതക പാടമായ അൽദഹ്നാ ദഹ്റാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 230 കിലോമീറ്റർ ദൂരെയാണ്.പുതിയ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയുടെ പ്രകൃതി വാതക ശേഖരം വർധിപ്പിക്കാനും ദ്രവീകൃത ഇന്ധന ഉപയോഗം കുറക്കാനുള്ള പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുമെന്നും ഊർജ മന്ത്രി പറഞ്ഞു.