ദമ്മാം: സൗദിയിലെ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴ രചിച്ച മൂന്നാമത്തെ പുസ്തകം “ഐഷാബീഗം” നാളെ (വ്യാഴാഴ്ച) പ്രകാശനം ചെയ്യും. വൈകിട്ട് 07.30 ന് ദമ്മാം ദാർ അസ്സിഹാ മെഡിക്കൽ സെന്റർ കോൺഫറൻസ് ഹാളിൽ നടക്കുന്ന പുസ്തക പ്രകാശന പരിപാടി ഇറാം ഗ്രൂപ്പ് സി എം ഡി ഡോ: സിദ്ദീഖ് അഹ്മദ് ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകനും എഴുത്തുകാരനനുമായ ജമാൽ കൊച്ചങ്ങാടി പ്രകാശന കർമ്മം നിർവ്വഹിക്കുന്ന പുസ്തകത്തിന്റെ ആദ്യ പ്രതി മാപ്പിള പാട്ട് നിരൂപകൻ ഫൈസൽ എളേറ്റിൽ ഏറ്റുവാങ്ങും.
ഡെസ്റ്റിനി ബുക്സ് പ്രസിദ്ധീകരിച്ച ഐഷാബീഗം എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മത്തിനായി ദമ്മാമിൽ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ അടങ്ങുന്ന വിപുലമായ സ്വാഗത സംഘം നേരത്തെ രൂപവത്കരിച്ചിരുന്നു.
പുസ്തക പ്രകാശന കർമ്മത്തോടൊപ്പം ഐഷാബീഗത്തിന്റെ നിത്യഹരിത ഗാനങ്ങൾ ഉൾപ്പെടുത്തി കലാ വിഭാഗം കൺ വീനറുടെ
നേതൃത്വത്തിൽ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ഗാന സന്ധ്യയും അരങ്ങേറും.
വർഷങ്ങൾക്ക് മുൻപ് മാപ്പിള സാഹിത്യ രംഗത്ത് വനിതാ സാന്നിധ്യം തീരെയില്ലാതിരുന്ന കാലത്ത് ഈ രംഗത്തേക്ക് പ്രവേശിച്ച ഐഷാബീഗത്തെ പുതു തലമുറക്ക് പരിചയപ്പെടുത്തുന്ന കൃതികളൊന്നും നിലവില്ലാത്തത് കൊണ്ട് അതൊരു ദൗത്യമായി ഏറ്റെടുക്കുകയായിരുന്നുവെന്ന് ഗ്രന്ഥ കർത്താവ് പറഞ്ഞു. തന്റെ പ്രവാസത്തിൽ കഴിഞ്ഞ ആറു തവണ ലഭിച്ച അവധി ദിനങ്ങളുടെ ബഹു ഭൂരിഭാഗവും അദ്ദേഹം ഇതിനായി മാറ്റി വയ്ക്കുകയായിരുന്നു.വായനയെ സ്നേഹിക്കുന്ന പ്രവിശ്യയിലെ മുഴുവൻ ആളുകളെയും വിശിഷ്ടാതിഥികൾ പങ്കെടുക്കുന്ന ഈ പുസ്തക പ്രകാശന ചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നതായി ചെയർമ്മാൻ, കൺവീനർ എന്നിവർ അറിയിച്ചു.