ദമാം – ദാരീന്‍, താറൂത്ത് ദ്വീപ് വികസന പദ്ധതി ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് കിഴക്കന്‍ പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ അഹ്മദ് ബിന്‍ ഫഹദ് ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു. വികസന പദ്ധതി മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് പ്രതിവര്‍ഷം 29.7 കോടി റിയാല്‍ സംഭാവന ചെയ്യുന്നതാണ്.
ആദ്യമായാണ് കിഴക്കന്‍ പ്രവിശ്യയില്‍ വികസന പദ്ധതിക്ക് സര്‍ക്കാര്‍ കോര്പറേഷന് സ്ഥാപിക്കുന്നത്. വികസന പദ്ധതിക്കു വേണ്ടി 264 കോടി റിയാലാണ് നീക്കിവെച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാഗമായി ദാരീന്‍, താറൂത്ത് ദ്വീപിലെ വ്യവസായ സ്ഥാപനങ്ങള്‍ ദ്വീപിന് പുറത്തേക്ക് മാറ്റുന്നതാണ്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന നിലക്ക് ഇക്കാര്യത്തില്‍ അശ്ശര്‍ഖിയ നഗരസഭ നടപടികള്‍ സ്വീകരിക്കുമെന്നും അഹ്മദ് ബിന്‍ ഫഹദ് ബിന്‍ സല്മാന് രാജകുമാരന് വ്യക്തമാക്കി.
സമീപ കാലത്ത് കിഴക്കന്‍ പ്രവിശ്യയില്‍ അംഗീകരിക്കുന്ന മൂന്നാമത്തെ വികസന പദ്ധതിയാണ് ദാരീന്‍, താറൂത്ത് ദ്വീപ് വികസന പദ്ധതിയെന്ന് കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന് പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ നഗരങ്ങളും പ്രദേശങ്ങളും വികസിപ്പിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്റെയും അതീവ താല്പര്യമാണ് ദാരീന്‍, താറൂത്ത് വികസന പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ പറഞ്ഞു.
സാംസ്കാരിക, പൈതൃക, ചരിത്ര സവിശേഷതകള്‍ സംരക്ഷിച്ച് ദാരീന്‍, താറൂത്ത് ദ്വീപില്‍ 19 വികസന പദ്ധതികളാണ് നടപ്പാക്കുന്നത്. ഇവിടെ മ്യൂസിയം സ്ഥാപിക്കുകയും എയര്‍പോര്‍ട്ട് നിര്‍മിക്കുകയും അല്ഫൈഹാനി കോട്ട അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കുകയും ചെയ്യും. 2030 ഓടെ പ്രതിവര്‍ഷം 13.6 ലക്ഷം ടൂറിസ്റ്റുകളെ ദ്വീപിലേക്ക് ആകര്‍ഷിക്കാനാണ് വികസന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 32 ചതുരശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ദ്വീപിലെ ജനസംഖ്യ 1,20,000 ആണ്.