കഴിഞ്ഞ രണ്ടാഴ്ചക്കിടെ 20,000 ലേറെ ഉംറ വിസകൾ അനുവദിച്ചതായി ഹജ്, ഉംറ മന്ത്രാലയം. മൂന്നു ദിവസത്തിനിടെ മാത്രം 6,000 ലേറെ ഉംറ വിസകൾ അനുവദിച്ചിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് മുതലാണ് ഉംറ വിസ രജിസ്‌ട്രേഷൻ ആരംഭിച്ചത്. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് ഹജ്, ഉംറ മന്ത്രാലയം വികസിപ്പിച്ച ഇ-പ്ലാറ്റ്‌ഫോമുകൾ വഴി ലോകത്തെവിടെ നിന്നുമുള്ള വിശ്വാസികൾക്ക് തങ്ങൾക്ക് അനുയോജ്യമായ ഉംറ പാക്കേജുകൾ തെരഞ്ഞെടുത്ത് പണമടച്ച് എളുപ്പത്തിൽ വിസ നേടാൻ സാധിക്കും. ഉംറ വിസ ലഭിച്ച ശേഷം വിദേശ തീർഥാടകർക്ക് ഇഅ്തമർനാ ആപ്പ് വഴി ഉംറ പെർമിറ്റിനും മസ്ജിദുന്നബവി റൗദ ശരീഫിൽ നമസ്‌കാരം നിർവഹിക്കാനും ബുക്കിംഗ് നടത്താൻ കഴിയുമെന്നും ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
അതേസമയം, വാക്‌സിനേഷൻ നടത്താത്തവർക്ക് ഇരു ഹുറമുകളിലും പ്രവേശിച്ച് നമസ്‌കാരങ്ങൾ നിർവഹിക്കാനും ഇഅ്തമർനാ ആപ്പ് വഴി ഉംറ പെർമിറ്റ് നേടാനും സാധിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. എന്നാൽ ഇതിന് വിശ്വാസികൾ കോവിഡ് ബാധിച്ചവരോ കൊറോണ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ടെന്നും മന്ത്രാലയം പറഞ്ഞു.