റിയാദ്: മക്ക മേഖലയിലുടനീളം മഴ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ജിദ്ദ, റാബിഗ്, ഖുലൈസ് എന്നിവിടങ്ങളിലെ പൊതു, സ്വകാര്യ, അന്തർദേശീയ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് സൗദി പ്രസ് ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു.
നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ തീരുമാനം.
കിംഗ് അബ്ദുൽ അസീസ് സർവകലാശാലയും ജിദ്ദ സർവകലാശാലയും ഇതേ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
വ്യാഴാഴ്ച നടത്താനിരുന്ന സ്‌കൂളുകളുടെ ഒന്നാം സെമസ്റ്ററിന്റെ അവസാന പരീക്ഷകൾ മാറ്റിവച്ചു.
മാറ്റിവച്ച പരീക്ഷകളുടെ പുതിയ തീയതികൾ പിന്നീട് അറിയിക്കുമെന്ന് കിംഗ് അബ്ദുൽ അസീസ് സർവകലാശാല അറിയിച്ചു.
അതേസമയം നേരിയതോ ശക്തമായതോ ആയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫൻസ് വ്യക്തമാക്കി.
എല്ലാവരോടും ജാഗ്രത പാലിക്കാനും മഴവെള്ളത്തിൽ നിന്നും താഴ്‌വരകളിൽ നിന്നും മാറിനിൽക്കാനും സൗദി സിവിൽ ഡിഫൻസ് ആഹ്വാനം ചെയ്തു.