വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നവർ കോവിഡ് പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതില്ലെന്നതടക്കമുള്ള ഇന്ത്യയിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം പ്രാബല്യത്തിൽ. ഇന്നു മുതൽ നാട്ടിൽ പോകുന്നവർ നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് ഫലമോ അല്ലെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റോ സമർപ്പിച്ചാൽ മതിയാകും. അതേസമയം സൗദി അറേബ്യയിലെ ജയിലുകളിൽ നിന്ന് നാട്ടിലേക്ക് അയക്കുന്നവരെ വാക്സിൻ സർട്ടിഫിക്കറ്റ്, എയർ സുവിദ രജിസ്ട്രേഷൻ എന്നിവയിൽ നിന്ന് പൂർണമായും ഒഴിവാക്കി.
ഇന്ത്യയിലെത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും കഴിഞ്ഞ 14 ദിവസ യാത്രാവിവരങ്ങൾ ഉൾപ്പെടെ എയർ സുവിദ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. 72 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പി.സി.ആർ നെഗറ്റീവ് റിപ്പോർട്ട് അല്ലെങ്കിൽ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്യണം. ഇക്കാര്യങ്ങൾ പൂർത്തിയാക്കിയവർക്ക് മാത്രമേ എയർലൈനുകൾ ബോർഡിംഗ് പാസ് നൽകാവൂ. ആരോഗ്യ സേതു ഡൗൺലോഡ് ചെയ്യണം. യാത്രക്കാർ കോവിഡ് പ്രോട്ടോകോളുകൾ പാലിക്കുന്നുണ്ടോയെന്ന് കാബിൻ ക്രൂ ഉറപ്പു വരുത്തണം. യാത്രക്കിടെ ആർക്കെങ്കിലും കോവിഡ് ലക്ഷണങ്ങൾ പ്രകടമായാൽ അവർക്ക് പ്രത്യേക സൗകര്യമൊരുക്കണം. നാട്ടിലെത്തിയാൽ യാത്രക്കാരെല്ലാം 14 ദിവസം അവരുടെ ആരോഗ്യാവസ്ഥ സ്വയം നിരീക്ഷണം നടത്തണം തുടങ്ങിയവയാണ് മാർഗനിർദേശങ്ങൾ.
എന്നാൽ സൗദിയിൽ തൊഴിൽ താമസ നിയമ ലംഘകരായി പിടിക്കപ്പെട്ട് നാടുകടത്തൽ കേന്ദ്രങ്ങളിൽ (തർഹീലുകളിൽ) കഴിയുന്നവർക്ക് നാട്ടിലെത്താൻ എയർ സുവിദ രജിസ്ട്രേഷനോ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആവശ്യമില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അവർക്ക് പി.സി.ആർ പരിശോധന മാത്രം മതി. ഒമിക്രോൺ വ്യാപന സമയത്ത് ഇന്ത്യയിലെത്തുന്ന പ്രവാസികൾ വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ കോപ്പി കൂടെ കരുതണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പ്രിന്റെടുക്കാൻ സാധിക്കാത്തതിനാൽ നാടുകടത്തൽ കേന്ദ്രങ്ങളിലെ ഇന്ത്യക്കാരുടെ യാത്ര പ്രതിസന്ധിയിലായിരുന്നു. കഴിഞ്ഞയാഴ്ച ഈ വ്യവസ്ഥ ഒഴിവാക്കിയതായി കേന്ദ്ര സർക്കാർ എംബസിയെ അറിയിച്ചു. ജയിലിൽ നിന്ന് യാത്രാനടപടികൾ ശരിയാക്കുന്നതിന്റെ ഭാഗമായി എല്ലാവർക്കും പി.സി.ആർ ടെസ്റ്റ് നടത്തിയാൽ മതി. ഇതോടെ തടവുകാരുടെ യാത്രാപ്രതിസന്ധിക്ക് പരിഹാരമായി.