കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി വുമൺ ഐക്കൺ’21 അവാർഡ് ലോക വനിതാ ദിനമായ മാർച്ച് 8 ന് സിജിലാ ഹമീദിന് കൈമാറി.
2020 ൽ കെകെ ദമ്മാം ചാപ്റ്റർ അഭിമാനപൂർവ്വം തുടക്കം കുറിച്ച വുമൺ ഐക്കൺ അവാർഡ് ഇത്തവണയും അർഹതപ്പെട്ട കൈകളിൽ തന്നെ എത്തിക്കാൻ കഴിഞ്ഞുവെന്നതിൽ നിറഞ്ഞ സന്തോഷമറിയിക്കുന്നു.
വീടിൻ്റെ അകത്തളങ്ങളിൽ ഒതുങ്ങിക്കൂടുന്ന പ്രവാസി വീട്ടമ്മമാരിൽ സാമൂഹിക അവബോധം സൃഷ്ടിക്കുന്നതിൻ്റെ ഭാഗമായി ദമ്മാം ചാപ്റ്റർ ആവിഷ്കരിച്ച പ്രസ്തുത പദ്ധതിക്ക് ഇതിനകം വൻ സ്വീകാര്യതയാണ് ലഭിച്ചത്.
ലോകമെങ്ങും കോവിഡിൻ്റെ പിടിയിലമർന്ന് ദുരിതപൂർണ്ണമായ കാലത്ത് കിഴക്കൻ പ്രവിശ്യയിലെ പ്രവാസ മണ്ണിൽ പ്രയാസമനുഭവിച്ചുകൊണ്ടിരുന്ന വിദേശ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന നിരവധി ക്യാമ്പുകളിൽ മരുന്നും ഭക്ഷണവുമെത്തിച്ചും ശമ്പളം കിട്ടാതെ പീഠനമനുഭവിച്ച് മതിയായ രേഖകളില്ലാതെ നാട്ടിൽ പോകാൻ കഴിയാതെ തടങ്കലിലായ ഗാർഹിക തൊഴിലാളികൾക്ക് ആവശ്യമായ നിയമ സഹായമെത്തിച്ചും ജീവകാരുണ്യ രംഗത്ത് നടത്തിയ സ്തുത്യർഹമായ സേവനങ്ങളാണ് സിജിലാ ഹമീദിനെ അവാർഡിന് അർഹയാക്കിയത്.
ദീർഘകാലം കോഴിക്കോട് ജില്ലാ കൗൺസിലറായിരുന്ന ശ്രീ.പി.കെ മാമുക്കോയയുടെ മകളും ദമ്മാം സ്വകാര്യസ്ഥാപനത്തിൽ ഉദ്യോഗസ്ഥനായ ഹമീദ് മരക്കാശ്ശേരിയുടെ ഭാര്യയുമായ സിജില കഴിഞ്ഞ പത്തുവർഷത്തിലധികമായി കുടുംബസമേതം ദമ്മാമിൽ കഴിയുന്നു.
കൊയിലാണ്ടിക്കൂട്ടം ഗ്ളോബൽ കമ്യൂണിറ്റി പ്രോഗ്രാം കൺവീനറും ദമ്മാം ചാപ്റ്റർ വനിതാവിംഗ് പ്രസിഡണ്ടുമായ ബാസിഹാൻ ശിഹാബ് അവാർഡ് കൈമാറി.
ചാപ്റ്റർ ചെയർമാൻ ശിഹാബ് കൊയിലാണ്ടി, പ്രസിഡൻ്റ് ജയരാജ് തെക്കേപ്പള്ളി, അഡ്മിൻ പ്രമോദ് അത്തോളി, ജനറൽ സെക്രട്ടറി അസീസ് കൊയിലാണ്ടി, വൈസ് പ്രസിഡൻ്റ് മുസ്തഫ പാവയിൽ, ജോയിൻ്റ് സെക്രട്ടറി വിനോദ് വെങ്ങളം വനിതാ വിംഗ് സെക്രട്ടറി മുബീനാ മുസ്തഫ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.