റിയാദ് -സൗദിയിൽ ജനുവരി 21ന് ക്രിസ്റ്റിയാനോ റൊണാൾഡോ കളിക്കളത്തിലറങ്ങും. റിയാദ് മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ അൽഇത്തിഫാഖ് ക്ലബ്ബിനെതിരെ നടക്കുന്ന മത്സരത്തിൽ അൽനസ്ർ ക്ലബ്ബിനു വേണ്ടി റൊണാൾഡോ ഇറങ്ങും. കഴിഞ്ഞ ഏപ്രിലിൽ എവർട്ടൻ ആരാധകനായ കുട്ടിയിൽ നിന്ന് മൊബൈൽ ഫോൺ തട്ടിത്തെറിപ്പിച്ചതിന് ഫുട്ബോൾ അച്ചടക്ക സമിതി താരത്തെ രണ്ടു മത്സരങ്ങളിൽനിന്ന് വിലക്കിയിരുന്നു. അതുകൊണ്ട് അൽനസ്ർ ക്ലബ്ബിന്റെ ആദ്യ രണ്ടു കളികളിൽ റൊണാൾഡോക്ക് പങ്കെടുക്കാൻ സാധിക്കില്ല. ഈയാഴ്ച മർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന വമ്പൻ ചടങ്ങിൽ അൽനസ്ർ ക്ലബ്ബ് ആരാധകർക്കു മുന്നിൽ റൊണാൾഡോയെ പരിചയപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.
റൊണാൾഡോയുമായി ക്ലബ് കരാർ ഒപ്പുവെച്ചത് അൽനസ്ർ ക്ലബ്ബ് ആരാധകർ ആഘോഷമാക്കി. റൊണാൾഡോയുമായി കരാർ ഒപ്പുവെച്ചത് ഔദ്യോഗികമായി അറിയിക്കുന്ന അൽനസ്ർ ക്ലബ്ബിന്റെ ട്വീറ്റ് വളരെ കുറഞ്ഞ സമയത്തിനകം ട്രെൻഡിങ് ആയി മാറിയിരുന്നു. ഒരു മണിക്കൂറിനകം രണ്ടു കോടിയിലേറെ പേർ ട്വീറ്റ് കാണുകയുണ്ടായി. ഒരു മണിക്കൂറിനകം ഇതിന് 1,80,000 ലേറെ ലൈക്കും 75,000 ലേറെ കമന്റുകളും 83,000 ലേറെ റീട്വീറ്റുകളും ലഭിച്ചു.
സൗദി മീഡിയ കമ്പനിയുടെ പിന്തുണയോടെയാണ് അൽനസ്ർ ക്ലബ്ബ് പോർച്ചുഗൽ താരവുമായി കരാർ ഒപ്പുവെച്ചത്. സൗദിയിലെ വൻകിട കമ്പനികളുടെ സ്പോൺസർഷിപ്പിലൂടെയും ടൂറിസം മേഖലയുമായി ബന്ധപ്പെട്ട സർക്കാർ പ്രോഗ്രാമുകളിലൂടെയും റൊണാൾഡോയുടെ കരാർ വിപണനം ചെയ്യാൻ സൗദി മീഡിയ കമ്പനി പ്രവർത്തിക്കുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകൻ വലീദ് അൽഫറാജ് വ്യക്തമാക്കി.