പനാജി- ഇന്ത്യ ലോകകപ്പ് ബഹിഷ്കരിക്കണമെന്ന് ബി.ജെ.പി വക്താവ് സാവിയോ റോഡ്രിഗസ് ആഹ്വനം ചെയ്തു. ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിലേക്ക് ഖത്തര്‍ ക്ഷണിച്ച സാഹചര്യത്തിലാണ് അദ്ദേഹം ബഹിഷ്കരിക്കാൻ ആഹ്വനം ചെയ്തത്.
സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിനിടെ ഇസ്ലാമിനെ കുറിച്ച് പ്രഭാഷണം നടത്താന്‍ ഖത്തര്‍ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. ലോകം തീവ്രവാദത്തിനെതിരെ പോരാടുന്ന ഈ സമയത്ത് സാക്കിര്‍ നായിക്കിന് വേദി നല്‍കുന്നത് വിദ്വേഷം പ്രചരിപ്പിക്കാന്‍ ഭീകര അനുഭാവിയെ നല്‍കുന്നതുപോലെയാണെന്ന് റോഡ്രിഗസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഭീകരതയ്ക്കെതിരായ ആഗോള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്’ ലോകകപ്പ് ബഹിഷ്കരിക്കാന്‍ ബി.ജെ.പി നേതാവ് രാജ്യത്തെ ജനങ്ങളോടും തീവ്രവാദത്തിന്റെ ഇരകളായ വിദേശത്തു നിന്നുള്ളവരോടും ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ഇസ്ലാമിക തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കുന്നതില്‍ സാക്കിര്‍ നായിക്കിന് നിര്‍ണായക പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. സാക്കിര്‍ നായിക് സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ (ഐആര്‍എഫ്) കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുകയും അഞ്ച് വര്‍ഷത്തേക്ക് വിലക്കുകയും ചെയ്തിരുന്നു. ലോകകപ്പ് വേളയില്‍ പ്രഭാഷകന്‍ സാക്കിര്‍ നായിക് ഖത്തറിലുണ്ടെന്നും ടൂര്‍ണമെന്റിലുടനീളം അദ്ദേഹം നിരവധി മതപ്രഭാഷണങ്ങള്‍ നടത്തുമെന്നും ഖത്തര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്പോര്‍ട്സ് ചാനലായ അല്‍കാസിലെ അവതാരകന് ഫൈസല്‍ അല്‍ഹജ്രിയെ ഉദ്ധരിച്ചായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്.