ചൂടു കാലമായതിനാൽ തുറൈഫിൽ തണ്ണിമത്തൻ കച്ചവടം തകൃതിയായി നടക്കുന്നു. ജനങ്ങൾ ഉഷ്ണത്തിൽ നിന്ന് ആശ്വാസം ലഭിക്കാൻ തണ്ണിമത്തനാണ് ഏറെയും വാങ്ങുന്നത്. കൂടാതെ ശമ്മാം, ഓറഞ്ച്, പഴം എന്നിവയും ജനങ്ങൾ വാങ്ങുന്നുണ്ട്. ഒരു കിലോ തണ്ണിമത്തൻ ലഭിക്കണമെങ്കിൽ നാലു റിയാൽ നൽകണം. ഒരു തണ്ണിമത്തൻ പത്ത് കിലോ മുതൽ പതിനഞ്ച് കിലോ വരെയുണ്ടാകും.
സ്വദേശി കുടുംബങ്ങൾ മാത്രമല്ല പ്രവാസികൾ ഉൾപ്പെടെ ധാരാളം ആളുകളാണ് ദിനേന തണ്ണിമത്തൻ വാങ്ങുന്നത്. പച്ചക്കറി മാർക്കറ്റിൽ മാത്രമല്ല നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡ് സൈഡുകളിൽ വരെ വൻതോതിൽ തണ്ണിമത്തൻ വിൽപന നടത്തുന്നു. സ്വദേശികൾ തന്നെയാണ് തണ്ണിമത്തൻ കച്ചവടം നടത്തുന്നത്. തുറൈഫിലേക്ക് പ്രധാനമായും തണ്ണിമത്തൻ വരുന്നത് ത്വബർജൽ, അൽജൗഫ്, തബൂക്ക് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ്. ഡയ്‌ന ലോറികളിൽ തണ്ണിമത്തൻ കുന്നു കണക്കെ നിറച്ചു കൊണ്ടുവരുന്നത് കാണാം. പകൽ മാത്രമല്ല അർധരാത്രി പന്ത്രണ്ട് മണി വരെയും കച്ചവടം നടക്കുന്നുണ്ട്.