ജിദ്ദ-ജിദ്ദയിൽ അപ്രതീക്ഷിതമായി തിരമാലകൾ ഉയർന്ന സാഹചര്യത്തിൽ ജിദ്ദ കോർണിഷിലെ വാട്ടർ ഫ്രണ്ട് ഭാഗികമായി അടച്ചു. സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ പെയ്യുന്നതിനിടെയാണ് ജിദ്ദ കോർണിഷിൽ തിരമാലകൾ ശക്തമായി ഉയരാൻ തുടങ്ങിയത്. ഇത് ആളുകൾ ഇരിക്കുന്ന സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണുണ്ടായത്. തുടർന്നാണ് വാട്ടർ ഫ്രണ്ടിലേക്കുള്ള പ്രവേശനം താൽകാലികമായി തടഞ്ഞത്.
ഇന്നലെ മക്കയിലും ജിദ്ദയിലും സൗദിയിലെ മറ്റ് ചില പ്രവിശ്യകളിലും കനത്ത മഴയാണ് പെയ്തത്. മദീന, യാമ്പു, തായിഫ്, അൽവജ്, അറാർ, ഹായിൽ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും മഴ പെയ്തിരുന്നു.
മക്കയിൽ ഇന്നലെ രാവിലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും മലവെള്ളപ്പാച്ചിലിലും നിരവധി കാറുകൾ ഒഴുക്കിൽ പെട്ടിരുന്നു. അൽഉതൈബിയ ഡിസ്ട്രിക്ടിലാണ് ഏറ്റവും കൂടുതൽ മഴക്കെടുതിയുണ്ടായത്. ഇവിടെ ഒഴുക്കിൽ പെട്ട കാറുകൾ കുമിഞ്ഞുകൂടി റോഡുകൾ അടഞ്ഞിരുന്നു. അൽഉതൈബിയയിൽ മാത്രം അൽസലാം റിലീഫ് സൊസൈറ്റിക്കു കീഴിലെ വളണ്ടിയർമാർ 22 വാഹനങ്ങൾ നീക്കം ചെയ്ത് റോഡുകൾ ഗതാഗത യോഗ്യമാക്കിയതായി സൊസൈറ്റി പ്രസിഡന്റ് സൗദ് അൽമാലികി വ്യക്തമാക്കി.