ജിദ്ദ അന്തരാഷ്ട്ര വിമാനത്താവളത്തിൽ കുഴഞ്ഞുവീണ മലയാളി ഉംറ തീർഥാടകൻ ആശുപത്രിയിൽ മരിച്ചു. തൃശൂർ മാമ്പ്ര എരയംകുടി അയ്യാരിൽ ഹൗസിൽ എ.കെ. ബാവു (79) വാണ് റെഹേലിയിലുള്ള കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിൽ മരിച്ചത്. ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന മക്കളായ ബീന, ബിജിലി എന്നിവരും, ബീനയുടെ ഭർത്താവ് അബ്ബാസും മടക്കയാത്ര റദ്ദാക്കി ജിദ്ദയിലുണ്ട്. ഉംറ കഴിഞ്ഞ് മടക്കയാത്രക്കായി ജിദ്ദ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ നോർത്ത് ടെർമിനലിൽ എത്തിയശേഷമാണ് ബാവു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുന്നത്. ഉടൻതന്നെ വിമാനത്താവളത്തിലെ എമർജൻസി മെഡിക്കൽ സെന്റർ ടീം അടിയന്തിര ശുശ്രൂഷ നൽകി. തുടർന്ന് റെഹേലി കിംഗ് അബ്ദുല്ല മെഡിക്കൽ കോംപ്ലക്‌സിലേക്ക് മാറ്റുകയായിരുന്നു. അവിടെയെത്തി ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു.