ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളിൽ ഈ വർഷം ആദ്യ പാദത്തിൽ ഏറ്റവും ഉയർന്ന സാമ്പത്തിക വളർച്ച രേഖപ്പെടുത്തി സൗദി. സൗദി അറേബ്യ ഈ വർഷം ആദ്യപാദത്തിൽ 9.9 ശതമാനം വളർച്ച നേടി. ഏറ്റവും കുറഞ്ഞ വളർച്ച ജപ്പാനിലാണ്. ജപ്പാനിൽ ആദ്യ പാദത്തിൽ സാമ്പത്തിക വളർച്ച 0.2 ശതമാനമാണ്. ജി-20 കൂട്ടായ്മയിൽ പെട്ട ഒരു രാജ്യവും ആദ്യ പാദത്തിൽ സാമ്പത്തിക ശോഷണം നേരിട്ടിട്ടില്ല. സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെ ഫലമായി കൊറോണ മഹാമാരി പ്രത്യാഘാതങ്ങളിൽ നിന്ന് ഏറ്റവും വേഗത്തിൽ പുറത്തുകടന്ന് ശക്തമായ വളർച്ച കൈവരിച്ചത് സൗദി അറേബ്യയാണെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെയും ജി-20 രാജ്യങ്ങളുടെയും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ആദ്യ പാദത്തിൽ പെട്രോളിതര മേഖല ശക്തമായ പ്രകടനം കാഴ്ചവെച്ചു. എണ്ണ മേഖല 20.3 ശതമാനം വളർച്ച നേടി.
ഏറ്റവും വലിയ രണ്ടാമത്തെ വളർച്ച കൈവരിച്ചത് ബ്രിട്ടൻ ആണ്. ആദ്യ പാദത്തിൽ ബ്രിട്ടൻ 8.7 ശതമാനം സാമ്പത്തിക വളർച്ച കൈവരിച്ചു. മൂന്നാം സ്ഥാനത്തുള്ള അർജന്റീന 8.6 ശതമാനവും നാലാം സ്ഥാനത്തുള്ള തുർക്കി 7.3 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള ഇറ്റലി 6.2 ശതമാനവും ആറാം സ്ഥാനത്തുള്ള തുർക്കി അഞ്ചു ശതമാനവും ചൈന 4.8 ശതമാനവും ഫ്രാൻസ് 4.5 ശതമാനവും ഇന്ത്യ 4.1 ശതമാനവും ജർമനി 3.8 ശതമാനവും റഷ്യ 3.5 ശതമാനവും അമേരിക്ക 3.5 ശതമാനവും ദക്ഷിണാഫ്രിക്ക മൂന്നു ശതമാനവും ദക്ഷിണ കൊറിയ മൂന്നു ശതമാനവും കാനഡ 2.9 ശതമാനവും മെക്‌സിക്കോ 1.8 ശതമാനവും ബ്രസീൽ 1.7 ശതമാനവും സാമ്പത്തിക വളർച്ചയാണ് ആദ്യ പാദത്തിൽ നേടിയത്.