കഴിഞ്ഞ വർഷം അവസാന പാദത്തിൽ ജി20 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ സാമ്പത്തിക വളർച്ച കൈവരിച്ച് സൗദി അറേബ്യ മുന്നിൽ . ഇതേ വർഷം മൂന്നാം പാദത്തിൽ ഇന്ത്യയുടെ തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു സൗദി. വിഷൻ 2030 ആവിഷ്കരിച്ച സാമ്പത്തിക പരിഷ്കരണ നടപടികളുടെ കാര്യക്ഷമത പ്രതിഫലിക്കുന്നതാണ് കണക്കുകൾ എന്ന് അധികൃതർ പ്രതികരിച്ചു. 2021 നാലാം പാദത്തിൽ ഏറ്റവും അടുത്ത് നിൽക്കുന്ന രാജ്യമായ ഇറ്റലിയേക്കാൾ 4.5 ശതമാനത്തിന്റെ വ്യത്യാസത്തിൽ 11.1 ശതമാനം വളർച്ചയാണ് സൗദി നേടിയിരിക്കുന്നത്.
കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും കൗൺസിൽ ഓഫ് ഇക്ണോമിക് അഫയേഴ്സ് ആൻഡ് ഡവലപ്മെന്റിന്റെ ചെയർമാനുമായ മുഹമ്മദ് ബിൻ സൽമാൻ 2016 അവതരിപ്പിച്ച വിഷൻ 2030 ലൂടെ നടപ്പാക്കിയ എണ്ണയിതര സാമ്പത്തിക മേഖലകളെ പരിപോഷിപ്പിക്കുന്നതിലൂടെ സാമ്പത്തിക വ്യവസ്ഥ വൈവിധ്യ വത്കരിക്കാനുള്ള നടപടിയാണ് ഈ രംഗത്തെ കുതിച്ചു ചാട്ടത്തിന് ഇടയാക്കിയത്. എണ്ണവില കുത്തനെ ഇടിഞ്ഞിട്ടും കോവിഡ് 19 മഹാമാരിയുടെ പ്രത്യാഘാതങ്ങളെ മികച്ച രീതിയിൽ മറികടക്കുന്നതിൽ വിഷൻ വലിയ സ്വാധീനം ചെലുത്തി. സൗദി സമ്പദ്വ്യവസ്ഥയുടെ വളർച്ചയുടെ നിലവിൽ ലോകത്തെ പ്രധാന സമ്പദ്വ്യവസ്ഥകളേക്കാൾ മെച്ചപ്പെട്ടു നിൽക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റെ ആഘാതങ്ങളെക്കാൾ ഒട്ടും കുറവല്ലാത്ത പ്രതിഫലനങ്ങളാണ് ലോക സമ്പദ് വ്യവസ്ഥയിൽ കോവിഡ് മഹാമാരി വരുത്തിയത്. ഇവ മറികടക്കാൻ പല രാജ്യങ്ങളും പാടുപെടുമ്പോൾ രാജ്യം അതിന്റെ നിശ്ചയദാർഢ്യവും നേതൃമികവും കൊണ്ട് വിജയിച്ചു.
2022 ലും പ്രതീക്ഷ നൽകുന്ന പരിവർത്തന പദ്ധതികളും പരിപാടികളും ആണ് സൗദി മുന്നോട്ട് വയ്ക്കുന്നത്.