ട്രെയിലറുകൾക്കും ട്രക്കുകൾക്കുമായി ജിദ്ദയിൽ മൂന്ന് പ്രത്യേകം ട്രാക്കുകൾ നിശ്ചയിച്ചതായി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി. ലക്ഷ്യസ്ഥാനത്ത് സുഗമമായി ഏറ്റവും വേഗത്തിൽ ചരക്കുകളും മറ്റും എത്തിച്ചേരാൻ നടപടി സഹായകമാകും. റോഡ് സുരക്ഷാ വിഭാഗവുമായി ചേർന്നാണ് പദ്ധതി തയാറാക്കിയതെന്നും ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
കിഴക്ക് നിന്ന് തെക്ക് ഭാഗത്തേക്കും തിരിച്ചും (ജിസാൻ ഇന്റർനാഷണൽ റോഡ്) ഓടുന്ന ട്രക്കുകൾക്കും കിഴക്ക് നിന്നും (റിയാദ് റോഡ്) വടക്ക് ഭാഗത്തേക്കും (മദീന, റാബഗ് റോഡ്) തിരിച്ചുമുള്ള ട്രക്കുകൾക്കും വടക്ക് നിന്നും (മദീന, റാബഗ് റോഡ്) തെക്ക് ഭാഗത്തേക്കും (ജിസാൻ ഇന്റർനാഷണൽ റോഡ്) തിരിച്ചുമുള്ള ട്രക്കുകൾക്കും ഇനി തടസ്സമില്ലാതെ സഞ്ചരിക്കാം. ലോജിസ്റ്റിക് മേഖലയെ ഉന്നത നിലവാരത്തിലേക്ക് കൈപിടിച്ച് ഉയർത്താൻ പ്രത്യേകം ട്രാക്കുകൾ സജ്ജമാക്കുന്നത് സഹായകമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇതിന് പുറമെ, ചരക്ക് നീക്കം സുഗമമാക്കുന്നതിനായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ട്രാൻസ്പോർട്ട് അതോറിറ്റി ഒരു ഓൺലൈൻ പ്രോഗ്രാം കൂടി ആവിഷ്കരിച്ചിരുന്നു. ഓൺലൈൻ വഴി മുൻകൂട്ടി അപ്പോയ്ന്റ്മെന്റ് എടുക്കുന്ന ട്രക്കുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ പെർമിറ്റ് ലഭ്യമാക്കുന്നതാണ് പ്രോഗ്രാം.