ഡ്രൈഫ്രൂട്‌സ് എന്ന പേരിൽ ബംഗളൂരുവിൽനിന്ന് യാത്രക്കാരന്റെയടുത്ത് ഏജന്റ് കൊടുത്തുവിട്ട പാക്കറ്റ് റിയാദ് വിമാനത്താവളത്തിലെത്തിയപ്പോൾ മയക്കുമരുന്നായി അധികൃതർ കണ്ടെത്തി. ബാഗേജിൽ മയക്കുമരുന്ന് പാക്കറ്റുമായി എത്തിയ തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരനും പാക്കറ്റ് വാങ്ങാനെത്തിയ മൂന്നു മലയാളികളും റിയാദ് പോലീസിന്റെ പിടിയിലായി. ഒരിടവേളക്ക് ശേഷം മയക്കുമരുന്ന് കേസിൽ പിടിക്കപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണം വർധിച്ചുവരുന്നതായി റിപ്പോർട്ടിനിടെയാണ് പുതിയ സംഭവം.
നേരത്തെ അബഹയിൽ ജോലി ചെയ്തിരുന്ന ഈ തമിഴ്‌നാട് സ്വദേശി ഫൈനൽ എക്‌സിറ്റിൽ പോയി പുതിയ വിസയിൽ വരുമ്പോഴാണ് എജന്റിന്റെ ചതിയിൽ പെട്ടത്. കഴിഞ്ഞാഴ്ചയാണ് സംഭവം. ടിക്കറ്റും പാസ്‌പോർട്ടും ബാംഗ്ലൂരിലെ ഓഫീസിലാണുള്ളതെന്നും അവിടെ പോയി അത് വാങ്ങി റിയാദിലേക്ക് പോയാൽ മതിയെന്നും വിസ ഏജന്റ് ഇദ്ദേഹത്തെ ധരിപ്പിച്ചു. തുടർന്ന് ഓഫീസിലെത്തിയ അദ്ദേഹത്തിന് ടിക്കറ്റും പാസ്‌പോർട്ടും നൽകിയപ്പോൾഡ്രൈഫ്രൂട്‌സ് എന്ന പേരിൽ ഒരു പാക്കറ്റും നൽകിയിരുന്നു. ഡ്രൈ ഫ്രൂട്‌സ് സ്വീകരിക്കാൻ റിയാദിൽ ആളെത്തുമെന്നും പറഞ്ഞു. റിയാദ് വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയിലാണ് ഈ ഡ്രൈഫ്രൂട്‌സ് മയക്കുമരുന്നാണെന്ന് വ്യക്തമായത്. ഉടൻ തന്നെ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തു. തുടർന്ന് പോലീസ് നടത്തിയ നീക്കങ്ങളിൽ മയക്കു മരുന്ന് സ്വീകരിക്കാനെത്തിയ പെരിന്തൽമണ്ണ സ്വദേശികളായ മൂന്നുപേരും പോലീസ് പിടിയിലായി. എല്ലാവരും ഇപ്പോൾ ജയിലിലാണ്. അതേസമയം തമിഴ്‌നാട് സ്വദേശിയെ ഏജന്റ് വഞ്ചിച്ചതാണെന്നും ഇദ്ദേഹത്തെ മോചിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ കുടുംബം മദ്രാസ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു.