റിയാദ് – മൂല്യവർധിത നികുതി (വാറ്റ്) കുടിശ്ശിക അടച്ചു തീർക്കാനുള്ളവർക്ക് 2023 മെയ് 31 വരെ സമയ പരിധി അനുവദിച്ച സാഹചര്യത്തിൽ തവണകളായി അടയ്ക്കാൻ കഴിയുമെന്ന് കസ്റ്റംസ്, സക്കാത്ത്, നികുതി അതോറിറ്റി അറിയിച്ചു.
ഇതിന് നികുതിദായകർ അതോറിറ്റിക്ക് പ്രത്യേക അപേക്ഷ നൽകേണ്ടതാണ്. അപേക്ഷ പരിശോധിച്ച് അർഹതക്കനുസരിച്ച് അതോറിറ്റിയിലെ പ്രത്യേക വിഭാഗം അനുമതി നൽകും. നിബന്ധനകൾക്ക് വിധേയമായി പ്രത്യേക കാലാവധി നിശ്ചയിച്ചായിരിക്കും തവണകൾക്ക് അനുമതി നൽകുക. എന്നാൽ തവണകൾ അനുവദിച്ച ശേഷം അതടയ്ക്കാതിരുന്നാൽ പണം അടയ്ക്കാൻ വൈകിയ തീയതി മുതൽ പിഴ ഈടാക്കുമെന്നും അതോറിറ്റി അറിയിച്ചു.
നികുതി കുടിശ്ശികയുള്ളവർക്ക് നേരത്തെ ഡിസംബർ ഒന്നു വരെയായിരുന്നു അടച്ചുതീർക്കാൻ സമയം അനുവദിച്ചിരുന്നത്. അത് മെയ് 31 വരെ ആറു മാസത്തേക്ക് കൂടി ദീർഘിപ്പിച്ചിരിക്കുകയാണ്.