തായിഫിലേക്കും അൽഹസയിലേക്കും വലിയ തോതിൽ നിക്ഷേപങ്ങൾ പ്രവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ശൂറാ കൗൺസിൽ അംഗവും സാമ്പത്തിക വിദഗ്ധനുമായ ഫദ്ൽ അൽബൂഅയ്‌നൈൻ പറഞ്ഞു. തായിഫ്, അൽഹസ വികസന അതോറിറ്റികൾ സ്ഥാപിച്ച് തിരുഗേഹങ്ങളുടെ സേവകൻ ഉത്തരവിറക്കിയ സാഹചര്യത്തിലാണിത്.
സാമ്പത്തിക കാഴ്ചപ്പാടിന് അനുസൃതമായി നിക്ഷേപങ്ങൾ വർധിപ്പിക്കാനും ധന, നിക്ഷേപ സുസ്ഥിരത കൈവരിക്കാനുമാണ് വികസന അതോറിറ്റികളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സാമ്പത്തിക, നിക്ഷേപ തലങ്ങളിലെ ലക്ഷ്യങ്ങൾ കൈവരിക്കാൻ അൽഹസ എയർപോർട്ട് വികസനം നടപ്പാക്കാനും റെയിൽപാത സ്ഥാപിക്കാനും അൽഹസ വികസന അതോറിറ്റിക്ക് പ്രവർത്തിക്കാവുന്നതാണ്.
കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ സബ്ഗവർണറേറ്റുകളിൽ ഒന്നാണ് അൽഹസ. അൽഹസയിൽ, വിശിഷ്യാ അൽഹസ മരുപ്പച്ചയിൽ സാമ്പത്തിക, സാമൂഹിക, ടൂറിസം, പൈതൃക, സാംസ്‌കാരിക, നഗര മേഖലകളിൽ സമഗ്ര വികസനത്തിന് കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. ഇത് അൽഹസയിൽ ടൂറിസം മേഖലാ വളർച്ചക്ക് സഹായിക്കും. അൽഹസ മരുപ്പച്ച യുനെസ്‌കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മക്കയുടെ കിഴക്കൻ പ്രവേശന കവാടമായാണ് തായിഫ് കണക്കാക്കപ്പെടുന്നത്. മക്കയുടെ പ്രവേശന കവാടമെന്നോണമുള്ള സേവനങ്ങൾ തീർഥാടകർക്ക് നൽകാൻ മക്കയിലും പുണ്യസ്ഥലങ്ങളിലും നടപ്പാക്കുന്ന വികസനത്തിന് സന്തുലിതമായ വികസനം തായിഫിലും നടപ്പാക്കേണ്ടതുണ്ട്. സൗദിയിലെ മുഴുവൻ പ്രവിശ്യകളിലും സന്തുലിത വികസനം നടപ്പാക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഭരണാധികാരികൾ അതിയായി ആഗ്രഹിക്കുന്നു. തൊഴിലന്വേഷിച്ച് വൻ നഗരങ്ങളിലേക്ക് കുടിയേറുന്നതിനു പകരം ഓരോ പ്രദേശങ്ങളിലെയും ജനങ്ങളെ തങ്ങളുടെ പ്രദേശങ്ങളിൽതന്നെ സ്ഥിരവാസത്തിന് സഹായിക്കാൻ ഇതിലൂടെ സാധിക്കും. തായിഫിനും അൽഹസക്കും പുതിയ ഗവർണർമാരെ നിയമിച്ചത് പുതിയ ആശയങ്ങൾ നടപ്പാക്കാനും വികസന ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാനും സഹായിക്കുമെന്നും ഫദ്ൽ അൽബൂഅയ്‌നൈൻ പറഞ്ഞു.
ഹജ്, ഉംറ തീർഥാടകർക്ക് ഇഹ്‌റാമിൽ പ്രവേശിക്കുന്നതിനുള്ള രണ്ടു മീഖാത്തുകൾ അടങ്ങിയ തായിഫിന്റെ വികസനം ഹജ്, ഉംറ തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിൽ പ്രധാന ഘടകമാകും. സൗദിയിലെ ഏറ്റവും വലിയ സ്വർണ ഖനികളിൽ ഒന്നായ അൽദുവൈഹി ഖനിയും തായിഫിലാണ്. പ്രതിവർഷം ശരാശരി 1,80,000 ഓളം ഔൺസ് സ്വർണം അൽദുവൈഹി ഖനിയിൽ ഉൽപാദിപ്പിക്കുന്നു.
ഇവിടെ 19 ലക്ഷം ഔൺസ് സ്വർണശേഖരമുണ്ടെന്നാണ് കണക്കാക്കുന്നത്. തായിഫിലും തായിഫിനു കീഴിൽ വരുന്ന അൽഖുർമ, റനിയ, തുർബ, അൽമോയ എന്നിവിടങ്ങളിലെയും യുവതീയുവാക്കൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാനും ജീവിത ഗുണമേന്മ ഉയർത്താനും നിക്ഷേപങ്ങൾ ആകർഷിക്കാനും വികസന പദ്ധതികൾ നടപ്പാക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ തമ്മിൽ ഏകോപനം സാധ്യമാക്കാനും തായിഫ് വികസന അതോറിറ്റി പ്രവർത്തിക്കും.