ഹജ്, ഉംറ തീർഥാടകർക്ക് വിശുദ്ധ ഹറമിൽ പ്രവേശിക്കാൻ മൂന്നു പ്രധാന കവാടങ്ങൾ നീക്കിവെച്ചതായി ഹറംകാര്യ വകുപ്പ്. കിംഗ് അബ്ദുൽ അസീസ്, കിംഗ് ഫഹദ്, അൽസലാം കവാടങ്ങളാണ് തീർഥാടകർക്കു വേണ്ടി നീക്കിവെച്ചത്. ഹറമിൽ നമസ്‌കാരങ്ങൾ നിർവഹിക്കുന്നവർക്കു വേണ്ടി 144 കവാടങ്ങളും നീക്കിവെച്ചു.
തീർഥാടകർക്ക് എളുപ്പമാകാനും അനുഭവം സമ്പന്നമാക്കാനും നിരവധി ആപ്പുകളും ഇ-പ്ലാറ്റ്‌ഫോമുകളും ആരംഭിച്ചിട്ടുണ്ടെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഹറംകാര്യ വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾ 16 കോടിയിലേറെ പേർ ഇതിനകം പ്രയോജനപ്പെടുത്തി. വിശുദ്ധ ഹറമിലെ മതാഫ് ഹജ് തീർഥാടകർക്കു മാത്രമായി നീക്കിവെക്കും. ത്വവാഫ് കർമത്തോടനുബന്ധിച്ച സുന്നത്ത് നമസ്‌കാരം നിർവഹിക്കാൻ മതാഫിന്റെ ബേസ്‌മെന്റിലും അടിയിലെ നിലയിലും ഒന്നാം നിലയിലും സ്ഥലങ്ങൾ നീക്കിവെക്കും. ഹജ് ദിവസങ്ങളിൽ വിശുദ്ധ ഹറമിൽ പതിനായിരത്തിലേറെ ജീവനക്കാർ സേവനമനുഷ്ഠിക്കുമെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു.