തുറൈഫ്- നഗരത്തിലെ സ്വർണക്കടകളിൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയ പതിമൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. സൗദി സാമൂഹിക വികസന വകുപ്പ് അധികൃതരാണ് പരിശോധനകൾ നടത്തിയത്.
പ്രവിശ്യയിലെ സ്വർണക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്വദേശിവൽക്കരണം നടപ്പാക്കിയിട്ടുണ്ടോ എന്നതിന് പുറമെ മറ്റു നിയമങ്ങൾ പാലിച്ചിട്ടുണ്ടോ എന്നത് ലക്ഷ്യമാക്കിയായിരുന്നു പരിശോധനകൾ നടത്തിയത്.
സ്വർണക്കടകൾക്ക് പുറമെ വ്യാപാര വാണിജ്യ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി. ഒരാഴ്ചയ്ക്കിടയിൽ 159 പരിശോധനകൾ നടത്തിയതായി സംഘം അറിയിച്ചു. പരിശോധനകൾ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. പതിമൂന്ന് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തിയിട്ടുള്ളതായും ഇവർക്ക് പിഴ വിധിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.