കിഴക്കൻ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ദഹ്‌റാൻ മാൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ അടച്ചിടുന്നതായി മാൾ ഉടമകളായ അറേബ്യൻ സെന്റേഴ്‌സ് കമ്പനി അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ മാളിലുണ്ടായ വൻ അഗ്നിബാധയിൽ ഭീമമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കുകളെടുക്കാനും അറ്റകുറ്റപ്പണികൾ നടത്താനും വേണ്ടിയാണ് മാൾ അടച്ചത്. അറ്റകുറ്റപ്പണികൾക്ക് മാസങ്ങൾ എടുക്കുമെന്നാണ് കരുതുന്നത്.
കിഴക്കൻ പ്രവിശ്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ ഒന്നായ ദഹ്‌റാൻ മാളിൽ 500 ഓളം വ്യാപാര സ്ഥാപനങ്ങളും റെസ്റ്റോറന്റുകളും സിനിമാ തിയേറ്ററുകളും മറ്റു വിനോദ സേവനങ്ങളുമുണ്ട്. ദഹ്‌റാൻ മാളിന് രണ്ടര ലക്ഷത്തിലേറെ ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. പതിനഞ്ചു ഫുട്‌ബോൾ ഗ്രൗണ്ടുകളെക്കാൾ വിസ്തൃതിയുള്ള സ്ഥലത്താണ് മാൾ സ്ഥാപിച്ചിരിക്കുന്നത്.