റിയാദ് – ചെങ്കടലിലെ ആദ്യ ലക്ഷ്വറി ദ്വീപ് വികസന പദ്ധതി കിരീടാവകാശിയും നിയോം കമ്പനി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പ്രഖ്യാപിച്ചു. ചെങ്കടലിലെ സിന്ദാല ദ്വീപ് ദേശീയ ടൂറിസം തന്ത്രത്തിന് പിന്തുണ നല്കുന്ന പ്രധാന പദ്ധതികളിലൊന്നും ആഡംബര സമുദ്ര വിനോദ സഞ്ചാരത്തിനുള്ള നിയോമിന്റെ ആദ്യ കേന്ദ്രങ്ങളില്‍ ഒന്നുമാണ്.
2024 തുടക്കം മുതല്‍ സിന്ദാല ദ്വീപ് സന്ദര്‍ശകരെ സ്വീകരിച്ചു തുടങ്ങും. നിയോമിലെ വികസനത്തിന്റെ വേഗതയെ കാണിക്കുന്ന സുപ്രധാന ചുവടുവെപ്പാണ് സിന്ദാല ദ്വീപ് വികസന പദ്ധതിയെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായുള്ള സുപ്രധാന ചുവടുവെപ്പാണിത്.
സിന്ദാല ദ്വീപിന്റെ ആകെ വിസ്തൃതി 8,40,000 ചതുരശ്രമീറ്ററാണ്. നിയോം പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന ഒരു കൂട്ടം ദ്വീപുകളില്‍ ഒന്നാണിത്. ഓരോ ദ്വീപിനെയും മറ്റൊന്നില്‍ നിന്ന് വേര്‍തിരിക്കുന്ന വ്യത്യസ്ത ദര്‍ശനങ്ങളും രൂപകല്പനകളും അനുസരിച്ചാണ് ദ്വീപുകള്‍ വികസിപ്പിക്കുന്നത്. ആഡംബര യാത്രകളും മറൈന്‍ ടൂറിസവും ഇഷ്ടപ്പെടുന്നവര്‍ക്ക് ദ്വീപിന്റെ പ്രകൃതി ആസ്വദിക്കാനും നിയോമിന്റെയും ചെങ്കടലിന്റെയും യഥാര്‍ഥ സൗന്ദര്യം കാണാനും നല്ല അനുഭവങ്ങള്‍ നല്കുന്ന ആഗോള കേന്ദ്രമായാണ് സിന്ദാല ദ്വീപ് വികസിപ്പിക്കുന്നത്.