രാജ്യാന്തര വിമാന സർവീസ് വിലക്ക് ഇന്ത്യ പിൻവലിച്ചതോടെ ഇന്നലെ മുതൽ ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പൂർവ സ്ഥിതിയിലായി. കോവിഡിനു മുമ്പുണ്ടായിരുന്ന സർവീസുകളെല്ലാം വിമാന കമ്പനികൾ പുനരാരംഭിച്ചു വരികയാണ്. വരുംദിവസങ്ങളിൽ പൂർണ തോതിലാകുമെന്നാണ് പ്രതീക്ഷ. ഇതോടെ സൗദി അടക്കം ഗൾഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ടായേക്കും.
ജിദ്ദ സെക്ടറിലേക്കുള്ള വിമാനക്കമ്പനികളുടെ പുതുക്കിയ ഷെഡ്യൂൾ ഇതുവരെ ലഭ്യമായിട്ടില്ലെന്ന് ട്രാവൽ രംഗത്തുള്ളവർ പറഞ്ഞു. താമസിയാതെ ഇതുണ്ടാവും. ജിദ്ദയിൽനിന്ന് കേരളത്തിലേക്ക് ഇപ്പോൾ വൺവേക്ക് 600-700 റിയാലിന് ടിക്കറ്റ് ലഭ്യമാണെങ്കിലും തിരിച്ചുള്ള ടിക്കറ്റ് നിരക്ക് ഉയർന്നു തന്നെ നിൽക്കുകയാണ്. എല്ലാ സർവീസുകളും പഴയതു പോലെയാവുമ്പോൾ ഇതിലും മാറ്റം വന്നേക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ റമദാൻ അടുത്തതും ഉംറക്കാരുടെ വരവ് വർധിക്കാൻ തുടങ്ങിയതും ജിദ്ദ സെക്ടറിൽ ടിക്കറ്റ് നിരക്ക് ഉയർന്നു നിൽക്കാൻ ഇടയാക്കും.
വിസിറ്റിംഗ് വിസയിൽ വരുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. നാട്ടിൽ സ്‌കൂളുകൾ അടക്കുന്നതോടെ ഏപ്രിൽ, മെയ് മാസങ്ങളിൽ വിസിറ്റിംഗ് വിസയിലെത്തുന്നവരുടെ എണ്ണം കൂടും. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടു വർഷം അവധിക്കാലത്ത് വരാൻ കഴിയാതെ പോയ കുടുംബങ്ങളെല്ലാം ഈ സ്‌കൂൾ അവധിക്കാലത്ത് വരാനുള്ള തയാറെടുപ്പിലാണ്. ഇതിനു പുറമെ ഈസ്റ്റർ, വിഷു, ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാട്ടിലേക്കു പോകുന്നവരുടെ എണ്ണവും കൂടുന്നതോടെ പഴയതുപോലെ എല്ലാ സർവീസുകൾ തുടങ്ങിയാലും ടിക്കറ്റ് നിക്കിൽ കാര്യമായ കുറവ് ഉണ്ടാവാനിടയില്ല.