പ്രതിരോധ മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും റുമാനിയയും കരാർ ഒപ്പുവെച്ചു. പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അൽബയാരിയും പ്രതിരോധ, ആസൂത്രണ, അന്താരാഷ്ട്ര റിലേഷൻസ് കാര്യങ്ങൾക്കുള്ള റുമാനിയൻ സഹമന്ത്രി സിമോണ കുചറോവയുമാണ് കരാറിൽ ഒപ്പുവെച്ചത്.
പരിശീലനം, പരിചയസമ്പത്ത് കൈമാറ്റം, സാങ്കേതികവിദ്യ, കമ്മ്യൂണിക്കേഷൻസ് സംവിധാനങ്ങൾ വികസിപ്പിക്കൽ, മെഡിക്കൽ സേവനം, സൈനിക ചരിത്രം, ആർക്കൈവ്‌സ്, മ്യൂസിയം, പ്രസിദ്ധീകരണങ്ങൾ അടക്കം പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലുള്ള പരസ്പര സഹകരണം കരാറിൽ ഉൾപ്പെടുന്നു. ആഗോള സമാധാനവും സ്ഥിരതയും ശക്തിപ്പെടുത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള രണ്ടു രാജ്യങ്ങളുടെയും പ്രതിബദ്ധതയുടെ ഭാഗമായാണ് കരാർ. സ്ട്രാറ്റജി കാര്യങ്ങൾക്കുള്ള പ്രതിരോധ മന്ത്രാലയ അണ്ടർ സെക്രട്ടറി അഹ്മദ് അസീരി, പർച്ചേയ്‌സിംഗ്, ആയുധവൽക്കരണ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി ഇബ്രാഹിം അൽസുവൈദ്, അന്താരാഷ്ട്ര സഹകരണകാര്യ വിഭാഗം മേധാവി ബ്രിഗേഡിയർ സഅദ് അൽശഹ്‌രി എന്നിവർ കരാർ ഒപ്പുവെക്കൽ ചടങ്ങിൽ സംബന്ധിച്ചു.