ലണ്ടന്‍ – പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ ലക്ഷ്യമിട്ടുള്ള കരാറില്‍ സൗദി അറേബ്യയും ബ്രിട്ടനും ഒപ്പുവെച്ചു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വലാസുമാണ് പ്രതിരോധ സഹകരണ പദ്ധതിയില്‍ ഒപ്പുവെച്ചത്.
ഔദ്യോഗിക സന്ദര്‍ശനാര്‍ഥം ലണ്ടനിലെത്തിയ സൗദി പ്രതിരോധ മന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തു വെച്ച് നടന്ന കൂടിക്കാഴ്ചക്കിടെ സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള തന്ത്രപരവും ചരിത്രപരവുമായ ബന്ധങ്ങളും പ്രതിരോധ, സൈനിക മേഖലയില്‍ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും പ്രതിരോധ മന്ത്രിമാര്‍ വിശകലനം ചെയ്തു.
ചര്‍ച്ചക്കൊടുവിലാണ് സൗദി പ്രതിരോധ മന്ത്രാലയത്തിന്റെ ശേഷികള്‍ വികസിപ്പിക്കാനും സൈനിക വ്യവസായം സ്വദേശിവല്‍ക്കരിക്കാനും സൈനിക, പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാനും ലക്ഷ്യമിടുന്ന പ്രതിരോധ സഹകരണ പദ്ധതി സൗദി, ബ്രിട്ടീഷ് പ്രതിരോധ മന്ത്രിമാര്‍ ഒപ്പുവെച്ചത്.
ബ്രിട്ടനിലെ സൗദി അംബാസഡര്‍ ഖാലിദ് ബിന്‍ ബന്ദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍, സൗദി ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയാദ് അല്‍റുവൈലി, പ്രതിരോധ സഹമന്ത്രി ഡോ. ഖാലിദ് അല്‍ബയാരി, പ്രതിരോധ മന്ത്രിയുടെ ഓഫീസ് ഡയറക്ടര്‍ ജനറല്‍ ഹിശാം സൈഫ്, ബ്രിട്ടനിലെ സൗദി എംബസി മിലിട്ടറി അറ്റാഷെ മേജര്‍ ജനറല്‍ രിയാദ് അബൂഅബാ എന്നിവര്‍ കൂടിക്കാഴ്ചയിൽ പങ്കെടുത്തു.