സൗദി അറേബ്യയുടെ സ്ഥാപക ദിനമായി ഫെബ്രുവരി 22 പ്രഖ്യാപിച്ചതോടെ നാളെ ആഘോഷത്തിന് തിരി തെളിയുകയാണ് . നാളെയാണ് ആദ്യമായി സൗദി സ്ഥാപക ദിനം ആചരിക്കുന്നത്. ദേശീയ ദിനം പോലെ തന്നെ സ്ഥാപക ദിനത്തിലും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തുറൈഫ് നഗരത്തിലും സൗദി സ്ഥാപക ദിനാചരണത്തിനായി സജീവമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
മൂന്ന് നൂറ്റാണ്ടുകൾക്ക് മുമ്പ് 1727 ൽ അവിഭക്ത സൗദി നിലവിൽ വന്നത് ഓർമപ്പെടുത്തി ആധുനിക സൗദി കൈവരിച്ച വമ്പൻ പുരോഗതികൾ സൂചിപ്പിക്കുന്നതും രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകങ്ങൾ വിളിച്ചോതുന്നതുമായ അനേകം ബാനറുകളും ബോർഡുകളും കമാനങ്ങളും നഗരത്തിലെങ്ങും ഉയർത്തിയിട്ടുണ്ട്.
തുറൈഫ് നഗരത്തിൽ പ്രവർത്തിക്കുന്ന ഫോസ്‌ഫേറ്റ് കമ്പനികൾ, സിമന്റ് ഫാക്ടറികൾ, മറ്റു വ്യാപാര, വാണിജ്യ രംഗത്തെ വിവിധ കമ്പനികൾ, സാമൂഹിക ക്ഷേമ, ജീവകാരുണ്യ രംഗത്തെ സംഘങ്ങൾ, ക്ലബുകൾ തുടങ്ങിയവ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ആശംസകളും ഭാവുകങ്ങളും അറിയിച്ചു കൊണ്ട് സന്ദേശങ്ങൾ അയക്കുകയും ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തുറൈഫ് ഗവർണറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ യോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തി.