ബി.ജെ.പി ദേശീയ വക്താവ് നടത്തിയ പ്രവാചക നിന്ദയെ സൗദി ഉന്നത പണ്ഡിത സഭ അപലപിച്ചു. പ്രവാചകനെയും പ്രവാചക ചരിത്രവും പ്രവാചകന്‍ നല്‍കിയ അനശ്വര സന്ദേശവും മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തണമെന്ന് ലോക മുസ്‌ലിംകളോട് ഉന്നത പണ്ഡിതസഭ ആവശ്യപ്പെട്ടു. ഇങ്ങിനെ ചെയ്യുന്നതാണ് പ്രവാചക നിന്ദ നടത്തുന്നവര്‍ക്കുള്ള ഏറ്റവും വലിയ മറുപടിയെന്നും ഉന്നത പണ്ഡിതസഭ പറഞ്ഞു. പ്രവാചക നിന്ദാ പ്രസ്താവനകളെയും മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്‍ട്ടൂണുകളെയും സൗദി ഹറംകാര്യ വകുപ്പ് അപലപിച്ചു. ഇത്തരം ഹീനമായ പ്രവൃത്തികള്‍ മതങ്ങളോടുള്ള അവമതിയാണ് വ്യക്തമാക്കുന്നത്. ഇങ്ങിനെ ചെയ്യുന്നവര്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചരിത്രം വായിക്കാത്തവരാണ്. വ്യത്യസ്ത മതങ്ങളെയും വിശ്വാസസംഹിതകളെയും മാനിക്കണമന്നതും എല്ലാവര്‍ക്കുമിടയില്‍ സമാധാനം പ്രചരിപ്പിക്കണമെന്നതും ഇസ്‌ലാമിക മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ല എന്നതുമാണ് സൗദി അറേബ്യയുടെ നിലപാട് എന്ന് ഹറംകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.