മദീന – ലോകകപ്പ് കാലത്ത് മദീന പ്രിന്‍സ് മുഹമ്മദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ നിന്ന് ദോഹയിലേക്കും തിരിച്ചും 209 സര്‍വീസുകള്‍ നടത്തും. നവംബര്‍ 13 മുതല്‍ ഡിസംബര്‍ 24 വരെയാണ് മദീനയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചും സര്‍വീസുകള്‍ നടത്തുന്നത്. ഈ സര്‍വീസുകൾ 30,000 ലേറെ സീറ്റുകള്അടങ്ങുന്നതാണ്. മദീനയില്‍ നിന്ന് പുതിയ ദോഹ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്ക് നടത്തുന്ന 104 സര്‍വീസുകളില്‍ ആകെ 14,310 സീറ്റുകളാണ് ലഭിക്കുക. ഇതേ കാലയളവില്‍ ദോഹയില്‍ നിന്ന് മദീനയിലേക്കുള്ള 105 സര്‍വീസുകളില്‍ 15,120 സീറ്റുകളുണ്ടാകും. മദീന-ദോഹ സര്‍വീസുകളില്‍ യാത്രക്കാരുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കാന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സര്‍ക്കാര്‍ വകുപ്പുകളും അതീവ താല്പര്യം കാണിക്കുന്നതായി തൈവ്ബ എയര്‍പോര്‍ട്ട് കമ്പനി പബ്ലിക് റിലേഷന്‍സ് സൂപ്പര്‍വൈസര്‍ ഖാലിദ് ഉവൈദ വ്യക്തമാക്കി.