സൗദിയിൽ ബിനാമി ബിസിനസ് ഇടപാടിനും കള്ളപ്പണം വെളുപ്പിക്കലിനും പിടിയിലായ രണ്ടുപേർക്ക് ശിക്ഷ വിധിച്ചതായി സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യവിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചതിെൻറ പശ്ചാത്തലത്തിൽ പ്രത്യേക കോടതിയാണ് സ്വദേശി പൗരനും വിദേശിക്കുമെതിരെ പ്രാഥമിക വിധി പുറപ്പെടുവിച്ചത്. ജയിൽവാസം അനുഭവിക്കേണ്ടതിന് പുറമെ, കള്ളപ്പണം വെളുപ്പിച്ചതിന് ഇരുവരും 100 ദശലക്ഷം റിയാൽ പിഴ അടക്കണമെന്നും കോടതി വ്യക്തമാക്കി. കൂടാതെ ഇവർ വിദേശങ്ങളിലേക്ക് കടത്തിയെന്ന് തെളിഞ്ഞ രണ്ട് ശതകോടി റിയാലിെൻറ സ്വത്ത് കണ്ടുകെട്ടാനും പ്രത്യേക കോടതി നിർദേശിച്ചു. ഒരുവിധ അംഗീകാരവുമില്ലാതെ ഇരുവരും ബാങ്കിങ് ബിസിനസ് നടത്തി ഭീമമായ പണം സമാഹരിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.