മക്ക: കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടർന്ന് മക്കയിലെ റോഡുകളിലുണ്ടായ വെള്ളവും അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ മക്ക മുനിസിപ്പാലിറ്റിക്ക് കീഴിൽ ഊർജിത പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതിനായി വിവിധ റോഡുകളിൽ ആവശ്യമായ ഉപകരണങ്ങൾ എത്തിക്കുകയും തൊഴിലാളികളെയും ഫീൽഡ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരിക്കുകയാണ്.
മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് വന്നതോടെ അതത് ബലദിയ ബ്രാഞ്ച് ഓഫീസുകൾ നാശനഷ്ടങ്ങൾ ഒഴിവാക്കുന്നതിനും ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും വേണ്ട മുൻകരുതൽ നേരത്തെ തന്നെ എടുത്തിരുന്നു. ഇതിനായി ഫീൽഡിൽ വേണ്ട ഉപകരണങ്ങളും തൊഴിലാളികളെയും ഒരുക്കി നിർത്തുകയും ചെയ്തിരുന്നു. മഴയെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ട റോഡുകൾ എത്രയും വേഗം ഗതാഗത യോഗ്യമാക്കുന്നതിന് വേണ്ട അടിയന്തിര പദ്ധതിയാണ് മുനിസിപ്പാലിറ്റി നടപ്പിലാക്കുന്നത്.
വിവിധ റോഡുകളിൽ അടിഞ്ഞുകൂടിയ വെള്ളം വലിച്ചെടുക്കുന്നതിനും റോഡുകൾ വ്യത്തിയാക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പദ്ധതി നടപ്പിലാക്കാൻ ജീവനക്കാർ, സൂപ്പർവൈസർമാർ, നിരീക്ഷകർ, എഞ്ചിനീയർമാർ, ഫീൽഡ് വർക്കർമാർ എന്നിവരുൾപ്പെടെ 10,552 പേരും 2,556 യന്ത്ര സാമഗ്രികളും വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്.