മക്ക പ്രവിശ്യയെ സ്മാർട്ട് മേഖലയാക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽ ഫൈസൽ രാജകുമാരൻ പ്രഖ്യാപിച്ചു. കമ്യൂണിക്കേഷൻ ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അബ്ദുല്ല അൽസവാഹയുടെയും പ്രവിശ്യയിലെ സർവകലാശാല മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു ഗവർണറുടെ പ്രഖ്യാപനം. കമ്യൂണിക്കേഷൻ മന്ത്രാലയം പ്രവിശ്യയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.
ഊർജ, വ്യോമ മേഖലകളിൽ ഉപയോഗിക്കുന്ന ഡ്രോണുകൾ വികസിപ്പിക്കുന്നതിൽ വൈദഗ്ധ്യം നേടിയ അക്കാദമികളെ കുറിച്ചും ആശയവിനിമയത്തിലും വിവരസാങ്കേതിക വിദ്യയിലും സ്ത്രീകൾ നേടിയ പ്രാവീണ്യവും യോഗം വിശകലനം ചെയ്തു. ഈ മേഖലകളിൽ 28 ശതമാനവും വനിതകളാണെന്ന കാര്യം അഭിമാനകരമാണെന്നും യോഗം വിലയിരുത്തി. ഡിജിറ്റൽ മേഖലയുടെ വികസനത്തിനായി മക്ക പ്രവിശ്യയിൽ നടപ്പാക്കിയ വിവിധ സംരംഭങ്ങളുടെ പുരോഗതിയെ കുറിച്ചും യോഗം വിശകലനം ചെയ്തു.