മദീനയെ ലോകത്തെ ഏറ്റവും ശാന്തവും ചലനാത്മകവുമായ നഗരമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി

madeena

അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വിശുദ്ധ നഗരമായ മദീനയെ ലോകത്തെ ഏറ്റവും ശാന്തവും, ചലനാത്മകവുമായ നഗരമാക്കാനുള്ള പദ്ധതിക്ക് തുടക്കമായി. സ്മാർട്ട് മദീന ഫോറം എന്ന് നാമകരണം ചെയ്ത പദ്ധതിയുടെ പ്രഥമ ചർച്ചയിൽ സ്മാർട്ട് സിറ്റികളെ കുറിച്ച് അറിവും അനുഭവവുമുള്ള പ്രാദേശിക, അന്തർദേശീയ സാങ്കേതിക വിദഗ്ധരും ബിസിനസ് പ്രമുഖരും പങ്കെടുത്തു.
മദീന ഡെപ്യൂട്ടി ഗവർണർ സൗദ് ബിൻ ഖാലിദ് അൽഫൈസൽ രാജകുമാരന്റെ രക്ഷാകർതൃത്വത്തിൽ അൽമദീന റീജിയൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ദ്വിദിന ചർച്ച നടന്നത്. മദീനയെ സൗദിയിലെ ഏറ്റവും വാസയോഗ്യമായ നഗരങ്ങളിൽ ഒന്നാക്കി പരിവർത്തിപ്പിക്കാനുള്ള മാർഗങ്ങൾ ആരായുകയാണ് ഫോറത്തിന്റെ പ്രധാനലക്ഷ്യം.
2030 ഓടെ മദീനയുടെ വാർഷിക സാമ്പത്തിക വളർച്ച മൂന്ന് ശതമാനം വർധിപ്പിക്കുക, തൊഴിലില്ലായ്മ അഞ്ച് ശതമാനം കുറക്കുക എന്നതും പദ്ധതി വഴി ലക്ഷ്യമിടുന്നു. 5 ജി, ഫൈബർ ഒപ്റ്റിക് നെറ്റ്വർക്കുകളുടെ വികസനം, മെച്ചപ്പെടുത്തിയ ആശയവിനിമയ- വിവര സാങ്കേതിക ഇൻഫ്രാസ്ട്രക്ചർ, സ്മാർട്ട് ടെക്നോളജി സൊല്യൂഷനുകൾ എന്നിവയുൾപ്പെടെ ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിച്ചേക്കാവുന്ന നിരവധി നിർദേശങ്ങളും ഫോറം പരിഗണിച്ചു.

സ്മാർട്ട് സിറ്റി എന്ന പദത്തിന്റെ നിർവചനത്തെക്കാൾ കൈവരിക്കാൻ പോകുന്ന ഫലങ്ങളാണ് പ്രധാനമെന്നും ഓരോ സമൂഹത്തിന്റെയും നഗരത്തിന്റെയും സവിശേഷ സാഹചര്യങ്ങൾ ഉൾക്കൊണ്ടുകൊണ്ടുള്ള കാഴ്ചപ്പാടുകളാണ് രൂപീകരിക്കേണ്ടതെന്നും ആഗോള ബിസിനസ്, ടെക്നോളജി, വിദ്യാഭ്യാസ സംരംഭമായ ഹ്യൂമൻ ഫ്യൂച്ചറിന്റെ സ്ഥാപകൻ ജോനാഥൻ റീച്ചെന്റൽ പറഞ്ഞു. പല സ്മാർട്ട് സിറ്റികൾ സന്ദർശിക്കാനും അവയുടെ മേധാവികളുമായി ആശയവിനിമയം നടത്താനും സാധിച്ച അനുഭവങ്ങളിൽ നിന്നാണ് ഇക്കാര്യം പങ്കുവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്മാർട്ടാകാൻ ഉദ്ദേശിക്കുന്ന എല്ലാ നഗരങ്ങൾക്കും പിന്തുടരാൻ പര്യാപ്തമായ ഒരു ഒറ്റമൂലി തന്റെ കൈവശമില്ലെന്നും ഓരോ നഗരത്തിന്റെയും ജനസംഖ്യാശാസ്ത്രം, ഭൂമിശാസ്ത്രം, വിഭവങ്ങൾ, കഴിവുകൾ എന്നിവയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തേണ്ടതാണ് അതാത് നഗരങ്ങളെ സ്മാർട്ട് ആക്കാൻ ആവശ്യമായ ഘടകങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!