മദീന നഗരത്തിനകത്ത് ബസുകൾ പാർക്ക് ചെയ്യുന്നത് ട്രാഫിക് പോലീസ് ഡയറക്ടറേറ്റ് വിലക്കി. തീർഥാടകരെ മദീനയിലെ താമസസ്ഥലങ്ങളിൽ എത്തിച്ച ശേഷം ബസുകൾ മദീനതുൽഹുജ്ജാജ് പാർക്കിംഗിലേക്ക് മടങ്ങണമെന്നാണ് നിർദേശം. മസ്ജിദുന്നബവിക്കു സമീപമുള്ള പ്രദേശങ്ങളിൽ ബസുകൾ ദീർഘസമയം കൂട്ടത്തോടെ പാർക്ക് ചെയ്യുന്ന പ്രവണത തടയുകയെന്ന ലക്ഷ്യത്തോടെയാണ് നഗരത്തിനകത്ത് ബസുകൾ നിർത്തിയിടുന്നത് ട്രാഫിക് ഡയറക്ടറേറ്റ് വിലക്കിയിരിക്കുന്നത്. കര മാർഗം എത്തുന്ന തീർഥാടകരുടെ ബസുകൾക്ക് തീർഥാടകരെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ നിശ്ചിത സമയം അനുവദിക്കും. ഇതിനു ശേഷം ബസുകൾ മദീനതുൽഹുജ്ജാജിലേക്ക് മടങ്ങണം. തീർഥാടകരുടെ മടക്കയാത്രാ സമയം ആകുന്നതുവരെ ബസുകൾ ഇവിടെ പാർക്ക് ചെയ്യണമെന്നാണ് നിർദേശം.