മറ്റുള്ളവരുടെ വ്യക്തിപരമായ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരെ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വ്യക്തികളുടെ സ്വകാര്യതയ്ക്ക് കോട്ടംതട്ടിക്കുകയോ വ്യക്തിപരമായ നേട്ടങ്ങൾ കൈവരിക്കുകയോ ചെയ്യുകയെന്ന ലക്ഷ്യത്തോടെ മറ്റുള്ളവരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നവർക്ക് 30 ലക്ഷം റിയാൽ വരെ പിഴയും രണ്ടു വർഷം വരെ തടവും ശിക്ഷ ലഭിക്കും. വ്യക്തികളുടെ വംശ, ഗോത്ര വേരുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ, മതവിശ്വാസം, രാഷ്ട്രീയ വിശ്വാസങ്ങൾ, ആശയങ്ങൾ, സ്വകാര്യ സൊസൈറ്റികളിലെയും ഫൗണ്ടേഷനുകളിലെയും അംഗത്വം, ക്രിമിനൽ, സുരക്ഷാ വിവരങ്ങൾ, ആളെ നിർണയിക്കുന്ന ബയോമെട്രിക് വിവരങ്ങൾ, ജനിതക ഡാറ്റ, ക്രെഡിറ്റ് വിവരങ്ങൾ, ആരോഗ്യ വിവരങ്ങൾ, സ്ഥലം നിർണയിക്കുന്ന വിവരങ്ങൾ, മാതാപിതാക്കളോ ഇവരിൽ ആരെങ്കിലും ഒരാളോ അറിയപ്പെടാത്ത ആളാണെന്ന് സൂചന നൽകുന്ന വിവരങ്ങൾ എന്നിവ സൂചിപ്പിക്കുന്ന മുഴുവൻ വ്യക്തിപരമായ വിവരങ്ങളും സെൻസിറ്റീവ് ഡാറ്റകളാണ്. ഇവയെല്ലാം പരസ്യപ്പെടുത്തുന്നത് പുതിയ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം നിയമം വിലക്കുന്നു.