റിയാദ് ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ മലപ്പുറം അരീക്കോട് സ്വദേശി ടി.പി അബ്ദുൽ ശരീഫ് വിരമിച്ചു. 23 വർഷമായി എംബസിയിലെ കൊമേഴ്‌സ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു.
1998 ലാണ് ഇന്ത്യൻ എംബസിയിലെ കൊമേഴ്‌സ് വിഭാഗത്തിൽ മാർക്കറ്റിംഗ് അസിസ്റ്റന്റായി ജോലിയിൽ പ്രവേശിച്ചത്. ഇന്ത്യ-സൗദി ഉഭയകക്ഷി ബന്ധം സുദൃഢമാക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നത് കൊമേഴ്‌സ് വിഭാഗമാണ്. ഉന്നതതല ഇന്ത്യൻ വാണിജ്യ ഓഫീഷ്യൽ പ്രതിനിധി സംഘങ്ങളുടെ സൗദി സന്ദർശന വേളയിൽ അധികൃതരുമായി നടത്തുന്ന കൂടിക്കാഴ്ചകൾക്ക് നേതൃത്വം നൽകുന്നതും കൊമേഴ്‌സ് വിഭാഗമാണ്.
2010 ൽ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗ് സൗദി സന്ദർശിച്ചപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സൗദി സന്ദർശനത്തിലും വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നതിലും അദ്ദേഹം പങ്ക് വഹിച്ചിരുന്നു. ഇന്ത്യ-സൗദി വ്യാപാരവുമായി ബന്ധപ്പെട്ട് കമ്പനികൾക്കും വ്യാപാരികൾക്കുമിടയിൽ ഉയർന്നു വരുന്ന വിവിധ തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിൽ സ്തുത്യർഹമായ ഇടപെടൽ നടത്താനും ഈ കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു. സൗമ്യമായ പെരുമാറ്റത്തിലൂടെ വിവിധ തലങ്ങളിലുള്ള വ്യക്തിത്വങ്ങളുമായി ഊഷ്മള ബന്ധം പുലർത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഭാര്യയും നാലു മക്കളും അടങ്ങുന്നതാണ് കുടുംബം. മകൻ കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിൽ എൻജിനീയറിംഗ് വിദ്യാർഥിയാണ്.