ചരിത്രത്തിൽ ആദ്യമായാണ് പോപ്പ് ബഹ്‌റൈൻ സന്ദർശിക്കുന്നത്. ഫ്രാൻസിസ് മാർപ്പാപ്പ നവംബറിൽ സന്ദർശനം നടത്തുമ്പോൾ നേതൃത്വം നൽകുന്ന കുർബാനയിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. അടുത്തമാസം മൂന്നിന് ബഹ്റൈനിലെത്തുന്ന മാർപാപ്പ നാല് ദിവസം രാജ്യത്ത് തങ്ങും. ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ നവംബർ 5നാണ് കുർബാന നടക്കുന്നത്.
24,000 പേർക്ക് കുർബാന അർപ്പിക്കാനുള്ള സൗകര്യം ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിലുണ്ട്. ഓണ്‍ലൈനിലൂടെ മാത്രമായിരിക്കും രജിസ്ട്രേഷൻ.
നവംബർ 3 ന് ബഹറൈനിലെത്തുന്ന മാർപാപ്പ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ ബിൻ സൽമാൻ അൽ ഖലീഫയുമായി സഖീർ റോയൽ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തും. അടുത്ത ദിവസം ‘മനുഷ്യരുടെ സഹവർത്തിത്വത്തിന് കിഴക്കും പടിഞ്ഞാറും’ എന്ന വിഷയത്തിൽ ബഹ്റൈൻ ഫോറം ഫോർ ഡയലോഗിന്‍റെ കോൺഫറൻസിൽ മാർപ്പാപ്പ പങ്കെടുക്കും. ഇരുനൂറിലേറെ മതനേതാക്കളും പണ്ഡിതരും ചർച്ചകളിൽ പങ്കാളികളാകും.
ഗൾഫിലെ ആദ്യ കത്തോലിക്ക ദേവാലയം സ്ഥിതി ചെയ്യുന്ന മനാമയും ഏറ്റവും വലിയ കത്തോലിക്ക ദേവാലയങ്ങളിൽ ഒന്നായ അവാലിയിലെ അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലും ഫ്രാന്‍സിസ് മാർപ്പാപ്പ സന്ദർശിക്കും. ദേശീയ മത നേതാക്കളെ കാണുകയും പ്രാദേശിക സ്കൂളുകൾ സന്ദർശിക്കാനും അദ്ദേഹത്തിന് പദ്ധതിയുള്ളതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
പോപ്പ് ഫ്രാൻസിസ് മാർപ്പാപ്പയാണ് ഗൾഫ് രാജ്യങ്ങളിലേക്ക് ആദ്യമായി സന്ദർശനം നടത്തുന്നത്. 2019ൽ മാർപ്പാപ്പ അബുദാബി സന്ദർശിച്ചിരുന്നു.