സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ സന്ദർശനത്തിടെ സൗദി അറേബ്യയും ഈജിപ്തും പതിനാലു കരാറുകൾ ഒപ്പുവെച്ചതായി വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി. പുനരുപയോഗ ഊർജം, പെട്രോൾ, പശ്ചാത്തല സൗകര്യം, സൈബർ സെക്യൂരിറ്റി അടക്കമുള്ള മേഖലകളിൽ 770 കോടി ഡോളറിന്റെ സഹകരണ കരാറുകളാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്.
അറബ് ലോകത്തെ ഏറ്റവും വലിയ സൈനിക, സാമ്പത്തിക ശക്തികളായ സൗദി അറേബ്യയും ഈജിപ്തും തമ്മിൽ കാലാകാലങ്ങളായി സുദൃഢ ബന്ധമാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ വലിയ വളർച്ചക്ക് സാക്ഷ്യംവഹിച്ചുവരികയാണ്. 2016 മുതൽ 2021 വരെയുള്ള അഞ്ചു വർഷക്കാലത്ത് ഉഭയകക്ഷി വ്യാപാരം 47.7 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ കൊല്ലം സൗദിയിൽ നിന്ന് ഈജിപ്തിലേക്കുള്ള പെട്രോളിതര കയറ്റുമതി 6.9 ശതമാനം തോതിൽ വർധിച്ച് 1.9 ബില്യൺ ഡോളറായി.
ഈജിപ്തിൽ 6,285 സൗദി കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഈ കമ്പനികൾ ഈജിപ്തിൽ 3,200 കോടിയലേറെ ഡോളറിന്റെ നിക്ഷേപങ്ങളാണ് നടത്തിയിട്ടുള്ളത്. സൗദിയിൽ പ്രവർത്തിക്കുന്ന 802 ഈജിപ്ഷ്യൻ കമ്പനികൾ മൊത്തം 500 കോടിയിലേറെ ഡോളറിന്റെ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ഉഭയകക്ഷി വ്യാപാരം സർവകാല റെക്കോഡായ 54 ബില്യൺ റിയാലായിരുന്നു. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഉഭയകക്ഷി വ്യാപാരം 87 ശതമാനം തോതിൽ വർധിച്ചു. കഴിഞ്ഞ കൊല്ലം ഈജിപ്ത് സൗദിയിലേക്ക് 38.6 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ കയറ്റി അയക്കുകയും സൗദിയിൽ നിന്ന് 15.7 ബില്യൺ റിയാലിന്റെ ഉൽപന്നങ്ങൾ ഇറക്കുമതി നടത്തുകയും ചെയ്തു.
ഈജിപ്ഷ്യൻ സമ്പദ്‌വ്യവസ്ഥക്ക് പിന്തുണ നൽക്കുന്നതിനായി സമീപ കാലത്ത് ഈജിപ്ഷ്യൻ സെൻട്രൽ ബാങ്കിൽ സൗദി അറേബ്യ 500 കോടി ഡോളറിന്റെ നിക്ഷേപം നടത്തിയിരുന്നു. നേരത്തെ നടത്തിയ 230 കോടി ഡോളറിന്റെ നിക്ഷേപ കാലാവധി സൗദി അറേബ്യ ദീർഘിപ്പിക്കുകയും ചെയ്തു.