റിയാദ് – 720 കോടി റിയാലിന്റെ (190 കോടി ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ ഈ വർഷം മൂന്നാം പാദത്തിൽ സൗദിയിലെത്തി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 650 കോടി റിയാലിന്റെ (170 കോടി ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളാണ് രാജ്യത്തെത്തിയത്. 10.7 ശതമാനം വർധനവാണ് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളിൽ രേഖപ്പെടുത്തിയത്.
ഈ വർഷം ആദ്യത്തെ ഒമ്പതു മാസത്തിനിടെ രാജ്യത്ത് 2240 കോടി റിയാലിന്റെ (600 കോടിയോളം ഡോളർ) നേരിട്ടുള്ള വിദേശ നിക്ഷേപങ്ങൾ എത്തിയതായി സെൻട്രൽ ബാങ്കിന്റെയും നിക്ഷേപ മന്ത്രാലയത്തിന്റെയും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
വിദേശ നിക്ഷേപകർക്കു മുന്നിൽ പ്രതിബന്ധങ്ങൾ ഇല്ലാതാക്കാനും നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സർക്കാർ നടത്തുന്ന ശ്രമങ്ങളുടെയും വിഷൻ 2030 പദ്ധതിയുടെ പശ്ചാത്തലത്തിൽ ലഭ്യമായ വൻ നിക്ഷേപാവസരങ്ങളുടെയും ഫലമായാണ് രാജ്യത്ത് വിദേശ നിക്ഷേപങ്ങൾ വർധിക്കുന്നതെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ സൗദിയിൽ 5190 കോടി റിയാലിന്റെ (1380 കോടി ഡോളർ) വിദേശ നിക്ഷേപങ്ങളാണ് എത്തിയത്. ഒരു പാദവർഷത്തിൽ രാജ്യത്ത് എത്തുന്ന ഏറ്റവും ഉയർന്ന വിദേശ നിക്ഷേപമാണിത്.