മൂന്ന് ദിവസത്തിനിടെ രണ്ടു ലക്ഷത്തിലേറെ പേര്‍ ജിദ്ദ സീസണ്‍ പരിപാടികള്‍ സന്ദര്‍ശിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. ജിദ്ദ സീസണിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങളില്‍ വിനോദ പരിപാടികള്‍ ആരംഭിക്കുന്നതോടെ സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒന്നാം പെരുന്നാള്‍ ദിവസം ജിദ്ദ ആര്‍ട്ട് പ്രൊമനേഡ്, സിര്‍ക്ക് ഡു സൊലൈല്‍ (കനേഡിയന്‍ സര്‍ക്കസ്) എന്നിവിടങ്ങളിലാണ് ജിദ്ദ സീസണ്‍ പരിപാടികള്‍ക്ക് തുടക്കമായത്. ലൈവ് പ്രദര്‍ശനങ്ങള്‍ അടക്കമുള്ള വ്യത്യസ്തമാര്‍ന്ന പരിപാടികള്‍ സന്ദര്‍ശകരെ വലിയ തോതില്‍ ആകര്‍ഷിക്കുന്നു. കരിമരുന്ന് പ്രയോഗങ്ങളും സന്ദര്‍ശകര്‍ ആസ്വദിക്കുന്നു. ജിദ്ദ സീസണ്‍ നീണ്ടുനില്‍ക്കുന്ന 60 ദിവസവും ആര്‍ട്ട് പ്രൊമനേഡ് ഏരിയയില്‍ കരിമരുന്ന് പ്രയോഗമുണ്ടാകും. രണ്ടാമത് ജിദ്ദ സീസണ്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. കൊറോണ മഹാമാരി കാരണം രണ്ടു വര്‍ഷം നിര്‍ത്തിവെച്ച ശേഷമാണ് ഇത്തവണ ജിദ്ദ സീസണ്‍ വീണ്ടും നടക്കുന്നത്. പ്രത്യേകം രൂപകല്‍പന ചെയ്ത ഒമ്പതു പ്രദേശങ്ങളിലായി 2,800 പരിപാടികള്‍ ജിദ്ദ സീസണിന്റെ ഭാഗമായി അരങ്ങേറും. പ്രശസ്ത ഈജിപ്ഷന്‍ ഗായകനും നടനും റാപ്പറും നര്‍ത്തകനും നിര്‍മാതാവുമായ മുഹമ്മദ് റമദാനും സംഘവും ബുധനാഴ്ച രാത്രി അവതരിപ്പിച്ച സംഗീത, നൃത്ത പരിപാടിയും ശ്രദ്ധേയമായി.