രണ്ടാമത് ജിദ്ദ സീസണ്‍ അടുത്ത മാസം ആദ്യത്തില്‍ ഒമ്പത് വേദികളിലായി നടക്കുമെന്ന് സീസണ്‍ ജനറല്‍ മാനേജര്‍ നവാഫ് ഖുംസാനി യാച്ച് ക്ലബ്ബില്‍ ഇന്നലെ രാത്രി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജിദ്ദയുടെ പാരമ്പര്യവും പൈതൃകയും വിളിച്ചോതുന്ന നമ്മുടെ മനോഹര ദിനങ്ങള്‍ എന്ന ബാനറില്‍ നടക്കുന്ന ഫെസ്റ്റിവെലില്‍ 2800 ഓളം പരിപാടികളാണ് നിശ്ചയിച്ചിട്ടുള്ളത്.
ജിദ്ദ സൂപര്‍ഡോം, അല്‍ജൗഹറ സ്‌റ്റേഡിയം, ജിദ്ദ ജംഗിള്‍, ജിദ്ദ യാച്ച് ക്ലബ്, ജിദ്ദ ആര്‍ട്ട് പ്രൊമെനേഡ്, ജിദ്ദ പിയര്‍, പ്രിന്‍സ് മജിദ് പാര്‍ക്ക്, സിറ്റി വാക്ക്, അല്‍ബലദ് എന്നിവയാണ് വേദികള്‍. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഉദ്ഘാടന ചടങ്ങുകള്‍.
ജിദ്ദ പ്രൊമെനേഡിലെ രാത്രിയിലെ വെടിക്കെട്ട് പ്രകടനങ്ങള്‍, കെ-പോപ്പ് പ്രകടനങ്ങള്‍, സയന്‍സ് ഫെസ്റ്റിവല്‍, ജിദ്ദ സീസണിന് വേണ്ടി രൂപപ്പെടുത്തിയ സിര്‍ക്യൂ ഡു സോലെയില്‍ ഫ്യൂസിയന്‍ പ്രകടനം എന്നിവ പ്രധാന ആകര്‍ഷകങ്ങളില്‍ പെടും. ടിക്കറ്റുകള്‍ വൈകാതെ ലഭ്യമാകും. രാജ്യത്തെ ഏറ്റവും വലിയ മൃഗശാലയായിരിക്കും ജിദ്ദ ജംഗിള്‍ സോണില്‍ ഉണ്ടാവുക. പുതിയ റെസ്റ്റോറന്റുകള്‍, കഫേകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, അറബ്, അന്തര്‍ദേശീയ നാടക കമ്പനികള്‍ അവതരിപ്പിക്കുന്ന സംഗീതകച്ചേരികളും നാടകങ്ങളും തുടങ്ങിയവ ആസൂത്രണം ചെയ്തിട്ടുണ്ട്. അമ്പത് മീറ്റര്‍ ഉയരത്തിലുള്ള ഫൗണ്ടൈന്‍, സിനിമ പ്രദര്‍ശനത്തിനായി ഏറ്റവും വലിയ എല്‍ഇഡി സ്‌ക്രീന്‍ എന്നിവയും സന്ദര്‍ശകര്‍ക്കായി ഒരുക്കും.