റിയാദ് – രണ്ടു പ്രകൃതി വാതക പാടങ്ങൾകൂടി കിഴക്കൻ സൗദിയിൽ കണ്ടെത്തിയതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ അറിയിച്ചു. അൽഗവാർ ഫീൽഡിന് തെക്കുപടിഞ്ഞാറ്, ഹുഫൂഫ് നഗരത്തിന് തെക്കുപടിഞ്ഞാറ് 142 കിലോമീറ്റർ ദൂരെ കണ്ടെത്തിയ ഔതാദ് പാടത്തെ ഒരു കിണറിൽ നിന്ന് പ്രതിദിനം ഒരു കോടി ഘനയടി വാതകവും 740 ബാരൽ കണ്ടൻസേറ്റുകളും രണ്ടാമത്തെ കിണറിൽ നിന്ന് പ്രതിദിനം 1.69 കോടി ഘനയടി വാതകവും 165 ബാരൽ കണ്ടൻസേറ്റുകളും തോതിൽ ലഭിക്കുമെന്നാണ് കണക്ക് കൂട്ടൽ.
ദഹ്‌റാൻ നഗരത്തിന് തെക്കുപടിഞ്ഞാറ് 230 കിലോമീറ്റർ ദൂരെ അൽദഹ്‌നാ വാതക പാടവും കണ്ടെത്തിയിട്ടുണ്ട്. ഇവിടുത്തെ കിണറുകളിൽ ഒന്നിൽ നിന്ന് പ്രതിദിനം 81 ലക്ഷം ഘനയടി വാതകവും രണ്ടാമത്തെ കിണറിൽ നിന്ന് പ്രതിദിനം 1.75 കോടി ഘനയടി വാതകവും 362 ബാരൽ കണ്ടൻസേറ്റുകളും ലഭിക്കും. പുതിയ വാതക പാടങ്ങൾ കണ്ടെത്തിയത് സൗദി അറേബ്യയുടെ പ്രകൃതി വാതക ശേഖരം വർധിപ്പിക്കാനും ദ്രവീകൃത ഇന്ധന ഉപയോഗം കുറക്കാനുള്ള പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായകമാകുമെന്ന് ഊർജ മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.