കഴിഞ്ഞ രണ്ടു വർഷത്തിനിടെ സൗദിയിൽ ഓൺലൈൻ വ്യാപാര മേഖലയിൽ വൻ വളർച്ച രേഖപ്പെടുത്തിയതായി ഔദ്യോഗിക കണക്കുകൾ. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ ധനമേഖലാ വികസന പ്രോഗ്രാം പ്രകാരം ഇ-പെയ്‌മെന്റും ഡിജിറ്റൽ പരിവർത്തനവും വ്യാപകമാക്കാനുള്ള സർക്കാർ നീക്കത്തിന്റെ പിന്തുണയോടെയാണ് ഓൺലൈൻ വ്യാപാര മേഖല വൻ വളർച്ച കൈവരിച്ചത്. കോവിഡ് മഹാമാരിയും ഓൺലൈൻ വ്യാപാര മേഖലയിലെ വളർച്ച വേഗത്തിലാക്കി.
കഴിഞ്ഞ വർഷം രാജ്യത്ത് 7432 കോടി റിയാലിന്റെ ഓൺലൈൻ വ്യാപാരം നടന്നതായി സെൻട്രൽ ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. 2020 ൽ ഇത് 3880 കോടി റിയാലായിരുന്നു. തൊട്ടു മുൻവർഷത്തെ അപേക്ഷിച്ച് ഓൺലൈൻ വ്യാപാര മേഖലയിൽ 91.5 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം ഓൺലൈൻ വ്യാപാര മേഖലയിൽ 3550 കോടി റിയാലിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം 34.7 കോടി ഓൺലൈൻ വ്യാപാര ഇടപാടുകൾ നടന്നു. 2020 ൽ 17 കോടി ഓൺലൈൻ വ്യാപാര ഇടപാടുകളാണ് നടന്നത്. 2020 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ഓൺലൈൻ വ്യാപാര ഇടപാടുകളുടെ എണ്ണം 100 ശതമാനം തോതിൽ വർധിച്ചു.